അപകടം വരുത്തിയത് അമിതവേഗം
കണ്ണൂർ: മേയ് ദിനത്തിൽ ജില്ലയിൽ മൂന്നിടങ്ങളിലായി സംഭവിച്ച വാഹനാപകടങ്ങളിൽ മൂന്ന് വയസ്സുകാരിയുടേത് ഉൾപ്പെടെ രണ്ട് ജീവനുകൾ പൊലിഞ്ഞു.മുത്തശ്ശിക്കൊപ്പം നടന്നു പോവുകയായിരുന്ന മൂന്നു വയസുകാരി നോറയും പ്രഭാത നടത്തത്തിനിറങ്ങിയ കല്ല്യശ്ശേരി സ്വദേശിനി പി.കെ.സാവിത്രിയും (50) കാറിടിച്ചും ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായ ശങ്കർ ബസിടിച്ചുമാണ് മരിച്ചത്. അമിത വേഗതയാണ് മൂന്നു ജീവനുകളും കവർന്നത്.
ചമതച്ചാലിലെ ഉറവക്കുഴിയിലെ കാസർകോട് രാജപുരം സ്വദേശി സോയിയുടെയും വിദേശത്ത് ജോലി ചെയ്തു വരുന്ന അനുവിന്റെയും ഏക മകളാണ് നോറ.പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവയിൽ ചമതച്ചാലിൽ വാതിൽമട ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു നോറയെ കാറിടിച്ചത്.മുത്തശ്ശി ഷിജിക്കൊപ്പം നടന്നു പോകുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 6.10 ഓടെ ആയിരുന്നു അപകടം.
നടന്നു പോകുകായിരുന്ന ഇരുവരുടെയും പിന്നിലൂടെ മറ്റു രണ്ടു വാഹനങ്ങളെ മറികടന്ന് അമിതവേഗതയിലെത്തിയാണ് കാർ അപകടം വിതച്ചത്. ഇരുവരെയും ഇടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ കോൺക്രീറ്റ് പില്ലറിൽ ഇടിച്ചാണ് നിന്നത്. കാർ ഓടിച്ച പയ്യന്നൂർ സ്വദേശി അമലിനെതിരെ പയ്യാവൂർ പൊലീസ് കേസെടുത്തു.നോറയുടെ മൃതദേഹം വിദേശത്തുള്ള അമ്മ അനു എത്തിയ ശേഷം സംസ്കരിച്ചു.
സാവിത്രിയുടെ ജീവൻ പൊലിഞ്ഞത് വീടിന് നൂറുമീറ്റർ അകലെ
വീട്ടിലെത്തുന്നതിന് 100 മീറ്റർ അകലെവെച്ചാണ് പ്രഭാത നടത്തത്തിനിറങ്ങിയ കല്യാശ്ശേരി പാറക്കടവിലെ പി.കെ. സാവിത്രിക്ക് ദാരുണാന്ത്യം സംഭവിച്ചത്. പ്രഭാത സവാരി കഴിഞ്ഞ് വ്യാഴാഴ്ച അതിരാവിലെ 5.45ന് കല്യാശ്ശേരി പാറക്കടവ് പാലത്തിന് സമീപത്ത് എത്തിയപ്പോഴാണ് അപകടം. കണ്ണൂർ ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ കാറാണ് വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സാവിത്രിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറക്കടവിലെ ചെല്ലട്ടൻ വീട്ടിൽ എം.വി. മധുസൂധനന്റെ ഭാര്യയാണ് മരിച്ച സാവിത്രി. മകൾ: പി.കെ. ഗായത്രി. പാപ്പിനിശ്ശേരി വെസ്റ്റിലെ സി.ബാലൻ നമ്പ്യാരുടെയും പി.കെ.പത്മിനി അമ്മയുടെയും മകളാണ്. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ പാറക്കടവിലെ വീട്ടിലെത്തിച്ചു. സംസ്കാരം രാത്രി എട്ടിന് പാളിയത്തുവളപ്പ് സമുദായ ശ്മശാനത്തിൽ നടന്നു.
ബൈക്കിൽ ബസിടിച്ച് പരിക്ക്
കണ്ണൂർ:മുണ്ടയാട് ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ശങ്കറും മരിച്ചു.ഇടുക്കി സ്വദേശിയാണ്.കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ശങ്കറും സുഹൃത്ത് എസ്.എൻ.കോളേജ് വിദ്യാർത്ഥിയായ മനീഷും സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടം.വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശങ്കറിനൊപ്പം എസ്.എൻ കോളേജ് വിദ്യാർത്ഥി മനീഷിനും പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |