തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം യോത്തിലാണ് നിർദ്ദേശം നൽകിയത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും 15നകം മൈക്രോ പ്ലാൻ തയ്യാറാക്കണം. കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.
പേവിഷബാധ പ്രതിരോധ വാക്സിനെതിരായ പ്രചരണം അപകടകരമാണ്. ശാസ്ത്രീയമായ അറിവുകൾ കൊണ്ട് ഇത്തരം പ്രചരണങ്ങൾ തടയണം. ഓരോ ബാച്ച് വാക്സിന്റേയും ഗുണഫലം സെൻട്രൽ ലാബിൽ ഉറപ്പ് വരുത്തിയ ശേഷമാണ് വിതരണം നടത്തുന്നത്. പ്രതിരോധ വാക്സിൻ കുറവ് വരാതെ എല്ലായിടത്തും ഉറപ്പാക്കണം. തിരുവനന്തപുരത്തെ കോളറ മരണത്തെപ്പറ്റി യോഗം വിശകലനം ചെയ്തു. മരണമടഞ്ഞയാളുടെ ഏപ്രിൽ 10 മുതലുള്ള സഞ്ചാരപഥം മനസിലാക്കി രോഗ ഉറവിടം കണ്ടെത്തി അവിടെ പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |