കോട്ടയം: ഭാര്യയുടെ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികൾ കുറ്റക്കാരാണെന്ന് കോട്ടയം അഡിഷണൽ സെഷൻസ് കോടതി (രണ്ട് ) ജഡ്ജി ജെ.നാസർ കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. മീനടം പീടികപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആർ.വിനോദ്കുമാർ (കമ്മൽ വിനോദ്,46), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (44) എന്നിവരാണ് പ്രതികൾ. പയ്യപ്പാടി മലകുന്നം സന്തോഷ് ഫിലിപ്പാണ് (34) കൊല്ലപ്പെട്ടത്.
കുഞ്ഞുമോളും സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 2017 ആഗസ്റ്റ് 23ന് രാത്രിയിലായിരുന്നു സംഭവം. കുഞ്ഞുമോളുടെ ഫോണിൽ നിന്നും സന്തോഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സന്തോഷിന്റെ ശരീരം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഓട്ടോറിക്ഷയിൽ പലയിടങ്ങളിലായി ഉപേക്ഷിച്ചു.
പിതാവിനെ ചവിട്ടിക്കൊന്ന കേസിൽ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് കുഞ്ഞുമോളും സന്തോഷും തമ്മിൽ അടുക്കുന്നത്. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലും വിനോദ് പ്രതിയാണ്.
കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.എസ്.സിദ്ധാർഥ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |