കൊച്ചി: വാഹനങ്ങളുടെ ഉയർന്ന നികുതിയും മൂന്നു ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക ബാദ്ധ്യതയാകുമെന്ന് ആക്ഷേപം. നികുതി സർക്കാർ വാഹനങ്ങൾക്ക് തുല്യമാക്കണമെന്നും ക്യാമറയുടെ എണ്ണത്തിൽ ഇളവ് അനുവദിക്കണമെന്നുമാണ് സ്കൂൾ ഉടമകളുടെ ആവശ്യം.
സ‌്‌കൂൾ തുറക്കുന്നതിനുമുമ്പ് വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. 2020ൽ പുതുക്കിയ പ്രകാരം സർക്കാർ, എയ്ഡഡ് സ്കൂൾ വാഹനങ്ങൾക്ക് 20 സീറ്റുവരെ 500 രൂപയും 20ന് മുകളിൽ ആയിരം രൂപയുമാണ് ആകെ നികുതി. അൺ എയ്ഡഡ് വിദ്യാഭ്യാസ വാഹനങ്ങൾക്ക് 20വരെ സീറ്റൊന്നിന് 50രൂപവീതം നൽകണം. 20ന് മുകളിൽ സീറ്റൊന്നിന് 100രൂപയും നൽകണം.
സ്‌കൂൾ വാഹനങ്ങളിൽ മൂന്നു ക്യാമറകൾ ഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. 1,500 മുതൽ 10,000 രൂപ വരെയാണ് ക്യാമറയുടെ വില. ടി.വി. സ്ക്രീൻ ഉൾപ്പെടെയുള്ള സവിധാനങ്ങൾക്ക് 10,000 രൂപ വരെ ചെലവാകും. ഒരു സ്കൂളിന് ശരാശരി ഏഴു വാഹനങ്ങളുണ്ടാകും.
അധികഭാരം വിദ്യാർത്ഥികൾക്ക്
എൻജിനിയറിംഗ്, മെഡിക്കൽ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും ഉയർന്ന നികുതിയാണ്. വിദ്യാർത്ഥികൾക്കാകും ഇത് ബാദ്ധ്യതയാകുക. അധികച്ചെലവ് നേരിടാൻ സ്ഥാപനങ്ങൾ ബസ് ഫീസ് വർദ്ധിപ്പിക്കും. സാമ്പത്തികപ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് അത് താങ്ങാനാവില്ല.
''ഉയർന്ന നികുതിയും മൂന്നു ക്യാമറ ഘടിപ്പിക്കുന്നതും സ്കൂളുകൾക്ക് കടുത്ത ബാദ്ധ്യത വരുത്തും. സർക്കാർ സ്‌കൂൾ വാഹനങ്ങളുടെ നികുതി അൺഎയ്ഡഡ് മേഖലയ്ക്കും ബാധകമാക്കണം.
-ഡോ. ഇന്ദിര രാജൻ
ദേശീയ സെക്രട്ടറി ജനറൽ
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |