മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സിനിമ- സീരിയൽ താരമാണ് സേതു ലക്ഷ്മി. നാടകത്തിലൂടെ സിനിമാരംഗത്തെത്തിയ സേതു ലക്ഷ്മിയുടെ കുടുംബജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതോടെ കുടുംബം പൂർണമായും, തന്നെ ഉപേക്ഷിച്ചെന്നും സേതു ലക്ഷ്മി പറയുന്നു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ചെറിയ പ്രായത്തിൽ നാടകത്തിൽ അഭിനയിക്കാൻ പോയതിന് ബന്ധുക്കളും നാട്ടുകാരും ഒരുപാട് വിമർശിച്ചിരുന്നു. അതിന് ഒരുപാട് പേരുദോഷങ്ങളും ലഭിച്ചു. പലരും കറുമ്പിയെന്നും കരടിയെന്നൊക്കെ വിളിച്ച് കളിയാക്കുമായിരുന്നു. ബാലെ കളിക്കാനായി പോയപ്പോഴാണ് മേക്കപ്പ് മാനുമായി പ്രണയത്തിലായത്. അദ്ദേഹവുമായിട്ടുളള പ്രണയം അറിഞ്ഞ് അച്ഛൻ നന്നായി ഉപദ്രവിച്ചു. പ്രശ്നങ്ങൾ ആയപ്പോൾ ഞാൻ അദ്ദേഹത്തിനോടൊപ്പം പോയി. എന്റെ വീട്ടിൽ നിന്ന് സ്ത്രീധനമായിട്ട് എന്തെങ്കിലും കിട്ടുമെന്ന് ഭർത്താവ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ വിവാഹത്തിന് ശേഷം അവർ എന്നെ വീട്ടിൽ പോലും കയറ്റിയിട്ടില്ല. അതും പ്രശ്നങ്ങളിലേക്കെത്തി.
മക്കളുണ്ടായിട്ടും ഭർത്താവ് ഒരു ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നില്ല. ഒരു ജോലിക്കും പോകുമായിരുന്നില്ല. കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഭർത്താവ് മരിച്ചതിനുശേഷം പ്രൊഫഷണൽ നാടകങ്ങൾ ചെയ്തു. ഞാൻ അഭിനയിച്ച നാടകങ്ങളെല്ലാം വൻവിജയമായിരുന്നു. നാടകമാണ് ജീവിതം മാറ്റിമറിച്ചത്. നാല് സ്റ്റേറ്റ് അവാർഡുകളും ലഭിച്ചു. അങ്ങനെയാണ് സീരിയലുകളിൽ അഭിനയിക്കാൻ വിളിച്ചത്. പിന്നെയാണ് സംവിധായകൻ സത്യൻ അന്തിക്കാട് വിളിച്ചത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തോടെ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. അതിനുശേഷമാണ് മഞ്ജു വാര്യരുടെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്.
ഇന്ദ്രജിത്തിന്റെ അമ്മയായി ലെഫ്റ്റ് റൈറ്റിൽ അഭിനയിച്ചത് ഇഷ്ടമായതുകൊണ്ടാണ് ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിൽ പൃഥ്വിരാജ് അദ്ദേഹത്തിന്റെ അമ്മയായി അഭിനയിക്കാൻ എന്നെ തന്നെ വിളിച്ചത്. മോഹൻലാലിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. എന്റെ മകന്റെ അസുഖം ചികിത്സിക്കാൻ സഹായിച്ചത് അദ്ദേഹമായിരുന്നു. മോഹൻലാൽ പറഞ്ഞുതന്ന ഡോക്ടറിനെയാണ് ഞങ്ങൾ കാണിച്ചത്. സിംഗപ്പൂർ ഓണം എന്ന ഒരൊറ്റ പരിപാടി കൊണ്ടാണ് ഞങ്ങൾ കൂടുതൽ പരിചയത്തിലായത്. സിനിമാ ലൊക്കേഷനിൽ മമ്മൂക്ക എപ്പോഴും ഗൗരവത്തിലായിക്കും. പക്ഷെ എന്നോട് എപ്പോഴും തമാശ പറയുമായിരുന്നു'- സേതു ലക്ഷ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |