മലയാളികളുടെ പ്രിയനടിയാണ് ഉർവശി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ലക്ഷകണക്കിന് ആരാധകരാണുളളത്. ഇപ്പോഴിതാ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി. താൻ നായികയായി എത്തുന്ന സിനിമകളിലെ സംവിധായകർക്ക് വലിയ ആത്മവിശ്വാസമായിരുന്നുവെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ഒരു സമയത്ത് വീട്ടിലേക്ക് ആരാധകരുടെ കത്തുകൾ വരുമായിരുന്നു. ഒരു ദിവസം 3000 കത്തുകൾ വരെ വന്നിട്ടുണ്ട്. അതിന് മറുപടി അയക്കാനും ഒരാളെ ഏർപ്പെടുത്തിയിരുന്നു. അത് എന്റെ ബന്ധുവാണ് ആളെ വച്ചിരുന്നത്. ആരാധകർ കത്തെഴുതുന്ന മാനസികാവസ്ഥയെക്കുറിച്ച് നമ്മൾ ആലോചിക്കണം. നമ്മൾ മറുപടി അയക്കും വായിക്കും എന്ന വിശ്വാസത്തിലാണ് അയക്കുന്നത്. തമിഴിലും തെലുങ്കിലും കത്തുകൾ ലഭിച്ചിട്ടുണ്ട്. അതിനും മറുപടികൾ അയക്കാറുണ്ട്.ഞാൻ ആ കത്തുകൾ വായിക്കാറുണ്ടായിരുന്നു. ആരാധകരുടെ സ്‌നേഹം ഒരുപാടുണ്ടായിരുന്നു.
എന്നെക്കുറിച്ച് അധികം വിവാദങ്ങളൊന്നും വന്നിട്ടില്ല. മൂന്ന് തലമുറയിലുളള ആരാധകർ എനിക്കുണ്ട്. പല സിനിമയിലെയും സംഭാഷണങ്ങൾ മുൻകൂട്ടി എഴുതി തയ്യാറാക്കിയതല്ല. സംവിധായകർക്ക് എന്നിൽ വിശ്വാസമുണ്ട്. മറ്റുളളവരോട് ധൈര്യത്തിൽ സംസാരിക്കാൻ പഠിച്ചത് സിനിമയിൽ വന്നതിനുശേഷമാണ്. 13 വയസുളളപ്പേോൾ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അന്ന് എന്നെക്കുറിച്ച് ഒരു പ്രമുഖ പത്രത്തിന്റെ സിനിമാ പേജിൽ ഒരു വാർത്ത വന്നു. എനിക്ക് അഹങ്കാരമാണെന്നും എന്തിനാണ് എന്നെപ്പോലുളളവരെ സിനിമയിൽ അഭിനയിപ്പിക്കുന്നതെന്നുമായിരുന്നു വാർത്ത. അത് കണ്ടിട്ട് പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല.
അഭിനയ ജീവിതത്തിൽ എന്നെ ഒരുപാട് വിഷമിപ്പിച്ച സിനിമ ഉള്ളൊഴുക്കായിരുന്നു. അന്ന് അഭിനയിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ മനസിൽ വീർപ്പുമുട്ടലാണ്. എന്റെ അമ്മയും ചേച്ചിയും ആ സിനിമ കണ്ടിട്ടില്ല. സാധാരണ ഭർത്താവ് ഞാൻ അഭിനയിച്ച സിനിമകൾ ഒന്നിലധികം പ്രാവശ്യം കാണുന്നതാണ്. അദ്ദേഹം ആ സിനിമ രണ്ടാമത് കാണാൻ തയ്യാറായിട്ടില്ല. എല്ലാവരെയും സങ്കടപ്പെടുത്തുന്ന സിനിമയാണത്'-ഉർവശി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |