SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.10 PM IST

വിഴിഞ്ഞത്തെ തല്ലുമാല; ചുവടു തെറ്റിയ നൃത്തവും

Increase Font Size Decrease Font Size Print Page
vidhurar

അങ്ങനെ നമ്മൾ ഇതും നേടി! എൽ.ഡി.എഫ് വരും; എല്ലാം ശരിയാകും എന്ന ഒമ്പതുവർഷം മുമ്പത്തെ ഇടതു മുദ്രാവാക്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി സഖാവിന്റെ വാക്കുകളെ എതിരേറ്റത് തിരമാലകളുടെ ആരവത്തെ വെല്ലുന്ന ഇടതുപ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ. 'നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം,​ ജയ് ഭാരത്..." പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു പറഞ്ഞതോടെ ആരവം ബി.ജെ.പി പ്രവർത്തരുടേതായി. ഉദ്ഘാടന വേദിക്ക് അകലെ നിന്നാണെങ്കിലും കോൺഗ്രസ് പ്രവർത്തകരും വിട്ടില്ല. അവർ തേങ്ങ ഉടയ്ക്കുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും ഉടയ്ക്കേണ്ടേ?

'കേരളം അങ്ങയെ മറക്കില്ല. നന്ദി, ഉമ്മൻ ചാണ്ടി സാർ..." വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളിൽ അവർ ആർത്തുവിളിച്ചു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ച ചടങ്ങ് ചേരി തിരിഞ്ഞുള്ള ആവേശത്തിന്റെ അലകടലായി. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള മൂന്ന് മുന്നണികളുടെയും പോര് അടുത്തവർഷം മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും കേരളത്തിലാകെ അലയടിച്ചുയരുമെന്ന് വ്യക്തം.

വിഴിഞ്ഞത്തെ ഉദ്ഘാടന ചടങ്ങിന് രണ്ടുമണിക്കൂർ മുമ്പേ ഒരാൾ വേദിയിലെ കസേരയിൽ സ്ഥാനം പിടിച്ചു. കേരള ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നിട്ടും കേന്ദ്ര ക്വാട്ടയിൽ കയറിപ്പറ്റിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബി.ജെ.പിക്കാരുടെ മോദി അനുകൂല മുദ്രാവാക്യങ്ങൾക്ക് അദ്ദേഹം മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്നു. മന്ത്രി മുഹമ്മദ് റിയാസിന് എങ്ങനെ കലിപ്പ് വരാതിരിക്കും? അതും,​ താൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ താഴെ സദസിലിരിക്കുമ്പോൾ! 'ഞങ്ങൾ സദസിലുണ്ട്. രാജീവ് ചന്ദ്രശേഖർ വേദിയിലും!" സഹികെട്ട മന്ത്രി റിയാസ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടു. 'ഇത് ജനാധിപത്യ വിരുദ്ധമല്ലേ? അവിടെയിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് അല്പത്തമാണ്. മലയാളി പൊറുക്കില്ല." റിയാസിന് ക്ഷോഭം അടങ്ങുന്നില്ല.

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകനായ റിയാസിന് പിടിപെട്ട അസുഖത്തിന് വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സ തേടണമെന്നാണ് ഇതറിഞ്ഞ രാജീവ് ചന്ദ്രശേഖറിന്റെ ഉപദേശം. താനല്ല, അടുത്ത കാലത്തായി സമനില തെറ്റിയതുപോലെ പെരുമാറുന്ന രാജീവ് ചന്ദ്രശേഖറാണ് ഉടനെ രാജ്യത്തെ മികച്ച ഡോക്ടർമാരുടെ ചികിത്സ തേടേണ്ടതെന്ന് മന്ത്രി റിയാസിന്റെ തിരിച്ചടി. റിയാസിന് വേദിയിൽ കസേര കിട്ടാത്തതിന്റെ കെറുവാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പരിഹാസം.

വിഴിഞ്ഞത്തു നടന്നത് സി.പി.എം- ബി.ജെ.പി മുദ്രാവാക്യംവിളി മത്സരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ; പദ്ധതിക്ക് തറക്കല്ലിട്ട ഉമ്മൻ ചാണ്ടിയുടെ പേരുപോലും പരാമർശിക്കാതിരുന്നത് നന്ദികേടാണെന്നും. എന്നാൽ, ആരും അവിടെ ബി.ജെ.പിയുടെ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രൻ ആണയിടുന്നു. ഭാരത് മാതാ കീ ജയ് ആണ് വിളിച്ചത്. അത് പിണറായി വിജയൻ ഒഴികെ എല്ലാവരും വിളിക്കുന്നതാണ്. 'എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകും എന്ന മുദ്രാവാക്യം മന്ത്രി വാസവൻ വായിച്ചതിൽ പരാതിയില്ലേ? കെ. സുധാകരനും എം.വി.ഗോവിന്ദനും പറയുന്ന വിഡ്ഢിത്തത്തിന് കൈയും കണക്കുമില്ല. ആരും അവരെ ട്രോളുന്നില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ആര് വന്നാലും ട്രോളുന്നത് ചെറ്റത്തരമാണ്." - സുരേന്ദ്രന്റെ പരിഭവം.

'സി.പി.എമ്മുകാർ എത്ര വേണമെങ്കിലും ട്രോളിക്കോളൂ,​ എനിക്ക് പ്രശ്നമില്ല. വികസന കേരളത്തിലേക്കുള്ള കേരളത്തിന്റെ ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞു. അതിൽ ആർക്കും കയറാം. റിയാസിനും കയറാം. കേരളത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചിട്ടേ ഞാൻ ഈ പദവി ഒഴിയൂ."- രാജീവ് ചന്ദ്രശേഖറിന്റെ ഉഗ്രശപഥം. ഇങ്ങേർക്ക് കേരളം വിടാൻ പരിപാടിയില്ലേ എന്നാണ് റിയാസിന്റെ മറുചോദ്യം.



വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാ‌ടന ചടങ്ങിന് ക്ഷണിക്കാത്തതിൽ വി.ഡി സതീശന് തെല്ലും പരിഭവമില്ല. അല്ലെങ്കിൽത്തന്നെ ഉമ്മൻചാണ്ടിയുടെ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പടുന്നവർ നടത്തുന്ന

പരിപാടിയിൽ തനിക്കെന്തു കാര്യം?പക്ഷേ, ഒരു സംശയം. തന്നെ ക്ഷണിക്കാത്തത് പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയായതിനാലാണെന്നാണ് മന്ത്രി വാസവൻ പറഞ്ഞത്. എങ്കിൽ അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതെന്തിന്?പിണറായി പോരായിരുന്നോ? സി.പി.എം- ബി.ജെ.പി കൂട്ടുകച്ചവടമല്ലേ ഈ നാടകം? ഉത്തരം പറയേണ്ടത് ബി.ജെ.പിക്കാരാണ്. സതീശന്റെ തലയിൽ ആൾതാമസമില്ലാത്തതുകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നതെന്നാണ് കെ. സുരേന്ദ്രന്റെ പരിഹാസം.

വിഴിഞ്ഞത്തെ ചടങ്ങ് ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി മോദി. പറഞ്ഞതാകട്ടെ, ഇന്ത്യാ സഖ്യത്തിന്റെ നെടുംതൂണായ പിണറായി സഖാവിനോട്. അതും കോൺഗ്രസ് എം.പി ശശി തരൂരിന്റെ സാന്നിദ്ധ്യത്തിൽ. മോദി ഉദ്ദേശിച്ചത് ആരെയൊക്കെയെന്ന് വ്യക്തം. എങ്കിലും പേര് പറയില്ല. വേണമെങ്കിൽ അവരുടെ പടത്തിൽ തൊട്ടു കാണിക്കാം. സി.പി.എമ്മുകാരുടെ പുത്തൻ 'സ്വകാര്യ പ്രേമ"ത്തെയും മോദി ഒന്നു തോണ്ടി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ വിഴിഞ്ഞത്തെ തങ്ങളുടെ പങ്കാളിയായി കമ്മ്യൂണിസ്റ്റ് മന്ത്രി വി.എൻ. വാസവൻ വിശേഷിപ്പിച്ചത് രാജ്യത്തെ മാറ്റത്തിന്റെ തെളിവാണെന്ന മുനവച്ചുള്ള പ്രയോഗവും. നമ്മൾ സ്വകാര്യ മുതലാളി സ്നേഹം തുടങ്ങിയിട്ട് നാളെത്രയായി. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പരവതാനി വിരിക്കുന്ന ബിൽ വരെ നിയമസഭയിൽ പാസാക്കിയെടുത്തു. ഇതു വല്ലതും മോദി അറിയുന്നുണ്ടോ? മന്ത്രി വാസവന്റെ ആത്മഗതം!



വേലിയിൽ കിടന്നതിനെ എടുത്ത് തോളത്ത് വച്ചതു പോലുള്ള അക്കിടിയാണ് കലാമണ്ഡലം സർവകലാശാലാ ചാൻസലർ നിയമനത്തിൽ സർക്കാരിനു പറ്റിയതെന്ന് പ്രതിപക്ഷം. മുൻ ഗവ‌ർണ‌ർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള സർക്കാർ പോര് മൂക്കുന്നതിനിടെയായിരുന്നു നിയമനം. കല്പിത സർവകലാശാലയായതിനാൽ സർക്കാരിന് നേരിട്ട് ചാൻസലറെ നിയമിക്കാം. ആരിഫ് മുഹമ്മദ് ഖാൻ അഞ്ചുപൈസ ചെലവില്ലാതെ വഹിച്ചു വന്ന പദവിയാണിത്. പക്ഷേ, ഖാനെ വെട്ടാനുള്ള അവസരം സർക്കാർ പാഴാക്കിയില്ല. വിഖ്യാത നർത്തകിയും ഇടതു സഹയാത്രികയുമായ മല്ലികാ സാരാഭായിയെ ചാൻസലറായി നിയമിച്ചു. സൗജന്യ സേവനമെന്നാണ് ആദ്യമൊക്കെ പറഞ്ഞത്. പക്ഷേ, കാര്യമായ ഒരു പണിയുമില്ലാത്ത ചാൻസലർ പദവിക്ക് മല്ലിക പിന്നീട് ആവശ്യപ്പെട്ടത് പ്രതിമാസം മൂന്നുലക്ഷം രൂപ ഓണറേറിയം! ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനും നിത്യനിദാനച്ചെലവിനും വകയില്ലാതെ കലാമണ്ഡലം വലയുമ്പോഴാണിത്.

പുതിയ ചാൻസലർ കലാമണ്ഡലത്തിലേക്ക് വരുന്നതു തന്നെ അപൂർവമാണെന്നാണ് കേൾക്കുന്നത്. പക്ഷേ, യഥാർത്ഥ പുലിവാൽ അതുമല്ല. ഓണറേറിയം വർദ്ധനയ്ക്ക് മാസങ്ങളായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് അനുകൂലമായി അഭിപ്രായം പറയുന്നതിൽ നിന്ന് തന്നെ ചിലർ വിലക്കിയെന്നാണ് മല്ലിക പറയുന്നത്. ഒരു ആശാ പ്രവർത്തകയ്ക്ക് ആയിരം രൂപയുടെ ഓണറേറിയം ഓൺലൈനായി അയയ്ക്കുകയും ചെയ്തു. അട്ടിമറി സമരത്തിനിറങ്ങിയ ആശാ പ്രവർത്തകർക്ക് ചില്ലിക്കാശ് കൂടൂതൽ നൽകില്ലെന്ന പിടിവാശിയിൽ നിൽക്കുന്ന സർക്കാരിന്റെ ചെകിട്ടത്തേറ്റ അടി! സഹിച്ചല്ലേ പറ്റൂ!

നുറുങ്ങ്

 പിണറായി സർക്കാരിനെ താഴെയിറക്കിയതിനു ശേഷമേ താൻ രാഷ്ട്രീയം വിടൂ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

@ അപ്പോൾ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷവും,​ അഞ്ചുകൊല്ലം കൂടി സുധാകരനെ കോൺഗ്രസുകാർ സഹിക്കേണ്ടിവരുമെന്ന് ഇടത് ട്രോളന്മാരുടെ പരിഹാസം!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: VIRURDHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.