കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് തയ്യാറാകുന്നു. ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ നിഗമനം. രക്ഷാപ്രവർത്തനം മന:പൂർവം വൈകിച്ചിട്ടില്ല. ഗ്രില്ലുകളും മതിലുകളും ഉൾപ്പെടെ പൊളിച്ച് ജെ.സി.ബി അടക്കം എത്തിക്കാനുണ്ടായ കാലതാമസം മാത്രമാണുണ്ടായത്.
തകർന്നു വീണ വലിയ കോൺക്രീറ്റ് കഷ്ണങ്ങൾ മനുഷ്യർക്ക് എടുത്തുമാറ്റാൻ കഴിയുമായിരുന്നില്ല. ആശുപത്രിയുടെ സൽപ്പേര് ഉയർത്താൻ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
മൊഴിയെടുപ്പ് അടക്കം പൂർത്തിയായി. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറുടെ മറുപടി ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചാൽ റിപ്പോർട്ട് അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കുമെന്ന് കളക്ടർ ജോൺ വി.സാമുവൽ പറഞ്ഞു.
അതേസമയം, അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്ന് നടത്തിയേക്കും. ചികിത്സയ്ക്കും തുടർ പരിചരണങ്ങൾക്കും സർക്കാർ പ്രത്യേക കരുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വീട് സന്ദർശിച്ച്
മന്ത്രി ബിന്ദു
ഇന്നലെ മന്ത്രി ഡോ.ആർ.ബിന്ദു അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മകൻ നവനീത് എന്നിവരെ ആശ്വസിപ്പിച്ചു. വീട് നിർമ്മാണം ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. 12.80 ലക്ഷം രൂപയുടേതാണ് എസ്റ്റിമേറ്റ്. അടുത്ത ദിവസംതന്നെ നിർമ്മാണം ആരംഭിക്കും. 50 ദിവസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
എൻ.എസ്.എസ് വിദ്യാർത്ഥികൾ സമാഹരിക്കുന്ന തുകയ്‌ക്കൊപ്പം സുമനസുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സി.കെ.ആശ എം.എൽ.എ, എൻ.എസ്.എസ് സംസ്ഥാന ഓഫീസർ ഡോ.ആർ.എൻ.അൻസാർ, എൻ.എസ്.എസ് എം.ജി സർവകലാശാല കോ-ഓർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസ് എന്നിവർക്കാണ് മേൽനോട്ട ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |