കൊച്ചി: രാസലഹരി വിഷയത്തിൽ പുകയുന്ന സിനിമാമേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് യുവ നിർമ്മാതാക്കളുടെ ശീതസമരം തുടരുന്നു. പ്രമുഖനടൻ വലിയ തെറ്റുചെയ്തുവെന്ന് പൊതുവേദിയിൽ പറഞ്ഞ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്ര തോമസ് വീണ്ടും രംഗത്തെത്തി. ലിസ്റ്റിൻ വട്ടിപ്പലിശക്കാരനായ തമിഴ്നാട്ടുകാരന്റെ ഏജന്റാണെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്ര ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താത്പര്യം അദ്ദേഹത്തേക്കാൾ കൂടുതൽ കള്ളപ്പണ ലോബിക്കാണ്. ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങൾ ലിസ്റ്റിൻ നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട താത്പര്യങ്ങൾക്കായി മലയാളസിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുത്. 'പലിശ കുത്തകകൾ' കാര്യം കഴിഞ്ഞാൽ നിങ്ങളെയും വിഴുങ്ങും. കഴിഞ്ഞദിവസം ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെ ഗൂഢാലോചനയുടെ ഭാഗമായി കാണുന്നുവെന്നും സാന്ദ്രയുടെ കുറിപ്പിൽ പറയുന്നു.
ലിസ്റ്റിൻ ഇതിന് മറുപടി നൽകിയിട്ടില്ല. അതേസമയം, ആരും പരാതിയുമായി സമീപിക്കാത്ത സാഹചര്യത്തിൽ വിഷയം അവഗണിക്കാമെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. ലിസ്റ്റിന്റെ താക്കീതും സാന്ദ്രയുടെ ആരോപണവും സംബന്ധിച്ച് താരസംഘടനയായ അമ്മയിലോ ഫിലിംചേംബറിലോ അടിയന്തര ചർച്ചകൾ ഉണ്ടായില്ല.
'കണക്കുകൾ പുറത്തു
വിടുന്നതും ഗൂഢതന്ത്രം'
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സിനിമയുടെ ലാഭനഷ്ടക്കണക്കുകൾ പുറത്തുവിടുന്നതും ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. തിയേറ്റർ കളക്ഷന്റെ കണക്കുമാത്രം പുറത്തുവിട്ടാണ് നഷ്ടമാണെന്ന് വരുത്തിത്തീർക്കുന്നത്. മലയാള സിനിമയിൽനിന്ന് നിക്ഷേപകരെ അകറ്റുന്ന ഏർപ്പാടാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |