കണ്ണൂർ: ജില്ലയിലെ പ്രധാന നഗരമായ പഴയങ്ങാടിയിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്നത് ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യം. പ്രധാന നഗരം എന്നതിലുപരി ഒട്ടേറെ തീപിടിത്തങ്ങളും ദിനം പ്രതി അപകടങ്ങളും നടക്കുന്ന മേഖലയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ പയ്യന്നൂരിൽ നിന്നോ തളിപ്പറമ്പിൽ നിന്നോ കണ്ണൂരിൽ നിന്നോ വേണം ഫയർ ഫോഴ്സെത്താൻ. തിരക്കേറിയ പാതയിലൂടെ അപകട സ്ഥലത്തെത്തുമ്പോഴേക്കും പലപ്പോഴും സമയം അതിക്രമിച്ചിരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ രണ്ട് തീ പിടിത്തങ്ങളാണ് പഴയങ്ങാടി നഗരത്തിലും പരിസരത്തുമായി ഉണ്ടായത്. നഗരത്തിലെ ബസ് സ്റ്റാൻഡിനടുത്ത് സ്ഥിതി ചെയ്യുന്ന യെസ്‌മാർട്ട് സൂപ്പർമാർക്കറ്രിന് കഴിഞ്ഞ 29ന് രാത്രിയിലാണ് തീപിടിച്ചത്. സൂപ്പർമാർക്കറ്റ് പാടെ കത്തി നശിച്ചിരുന്നു. തൊട്ടടുത്താണ് പെട്രോൾ പമ്പും സ്ഥിതി ചെയ്യുന്നത്. അതേ ബിൽഡിംഗിൽ തന്നെയാണ് ബാങ്കുമുള്ളത്. ഫയർഫോഴ്സെത്തി തീ അണച്ചെങ്കിലും പഴയങ്ങാടിയിൽ തന്നെ ഫയർ യൂണിറ്റുണ്ടായിരുന്നുവെങ്കിൽ ആഘാതം കുറച്ചുകൂടി കുറക്കാമായിരുന്നു എന്ന അഭിപ്രായമാണ് ജനങ്ങൾക്കുള്ളത്. തൊട്ടടുത്ത ദിവസമാണ് വെങ്ങരയിലെ തുണിവ്യാപാര കേന്ദ്രത്തിനും തീ പിടിച്ചത്. അന്നും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
മാട്ടൂൽ ഉൾപ്പെടെയുള്ള തീരദേശങ്ങൾ കേന്ദ്രീകരിച്ച് ഐസ് ഫാക്ടറികൾക്കും മറ്റും ഇടയ്ക്കിടെ തീ പിടിക്കാറുണ്ട്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് അടുത്തിടെ രണ്ട് പ്രാവശ്യമാണ് തീ പിടുത്തമുണ്ടായത്.
ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലും വേനൽക്കാലമായാൽ തീപിടിത്തങ്ങൾ പതിവാണ്. നിരവധി സഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് മാടായിപ്പാറ. പരിസരത്തു തന്നെയാണ് വിവിധ പ്രദേശത്തു നിന്നും ഭക്ത ജനങ്ങളെത്തുന്ന മാടായിക്കാവും വടുകുന്ദ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മാടായിപ്പാറയോട് ചേർന്നുണ്ട്.
റോഡപകടങ്ങളും പതിവ്
പഴയങ്ങാടി വഴി കടന്നു പോകുന്ന പിലാത്തറ വളപട്ടണം കെ.എസ്.ടി.പി റോഡിൽ അപകടങ്ങളുണ്ടാകുന്നത് പതിവാണ്. ചെറുതും വലുതുമായ അപകടങ്ങളിലായി നിരവധി ജീവനുകൾ ഈ നിരത്തിൽ പൊലിഞ്ഞിട്ടുമുണ്ട്. പല അപകടങ്ങളിലും വാഹനത്തിന്റെയുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫയർഫോഴ്സിന്റെ സഹായം ആവശ്യമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലെല്ലാം പയ്യന്നൂരിൽ നിന്നോ തളിപ്പറമ്പിൽ നിന്നോ വേണം ഫയർ ഫോഴ്സ് യൂണിറ്റികളെത്താൻ.
വാഗ്ദാനമുണ്ട്... പക്ഷേ
കല്ല്യാശ്ശേരി മണ്ഡലത്തിൽ പഴയങ്ങാടി കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ സ്ഥാപിക്കുമെന്ന് അധികാരികൾ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അത് പ്രാവർത്തികമായിട്ടില്ല. സ്ഥല പരിമിതിയാണ് ഇതിനു കാരണമെന്നാണ് അധികൃതരുടെ വാദം. നിരന്തരമായ ഈ അവശ്യം പരിഗണിക്കണമെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.
പഴയങ്ങാടിയിൽ ഫയർ സ്റ്റേഷൻ അത്യാവശ്യമാണ്. അപകടങ്ങൾ നടക്കുമ്പോൾ നാട്ടുകാരാണ് പരിമിതമായ അറിവും സാമഗ്രികളും വച്ച് രക്ഷാപ്രവർത്തനം നടത്തുന്നത്. മറ്റ് ഫയർ യൂണിറ്റുകൾ കിലോമീറ്ററുകൾ താണ്ടി വേണമെത്താൻ.
കെ.ടി രഘുനാഥ് (പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |