ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കാൻ കനത്ത തിരിച്ചടിക്ക് രാജ്യം സജ്ജമായി. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്നു സേനാ മേധാവികൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചകൾ ഇന്നലെ പൂർത്തിയായി. അതിനിടെ പാകിസ്ഥാനിലേക്കുള്ള ചെനാബ് നദിയിലെ നീരൊഴുക്ക് തടയാൻ ബാഗ്‌ലിഹർ അണക്കെട്ടിൽ ഷട്ടർ താഴ്ത്തി.
വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഇന്നലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി തയ്യാറെടുപ്പുകൾ വിശദീകരിച്ചു. ശനിയാഴ്ച നാവികസേന മേധാവി അഡ്മിറൽ ഡി.കെ.ത്രിപാഠിയും ഏപ്രിൽ 30ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും സേന സുസജ്ജമാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെയും മദ്ധ്യപ്രദേശിലെയും ഉൾപ്പെടെ ആയുധ നിർമ്മാണ കമ്പനികളിൽ ജീവനക്കാരുടെ അവധികൾ റദ്ദാക്കി.
തുടർച്ചയായ പത്താം ദിവസവും ജമ്മു കാശ്‌മീരിലെ നിയന്ത്രണരേഖയിൽ പാക് പ്രകോപനമുണ്ടായി. ഇന്ത്യൻ സേന രൂക്ഷമായി തിരിച്ചടിച്ചു. പഹൽഗാം ഭീകരാക്രമണം നടന്നതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ശനിയാഴ്ച അർദ്ധരാത്രിയും ഞായറാഴ്ച പുലർച്ചെയും ഉണ്ടായത്. കുപ്‌വാര,ബരാമുള്ള,പൂഞ്ച്,രജൗരി,മെന്ഥർ,നൗഷെര,സുന്ദർബനി,അഖ്നൂർ മേഖലകളിലായിരുന്നു കനത്ത ഷെല്ലിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |