ശിവഗിരി : ശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക ഗുരുദേവന്റെ ദിവ്യ സാന്നിധ്യത്താൽ അനുഗ്രഹീതമായ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നിന്നും എത്തിക്കും. ആദ്യമായാണ് വിദ്യാദേവതയുടെ പ്രതിഷ്ഠാ വാർഷികത്തിലെ വിജ്ഞാനോത്സവത്തിന് മുന്നോടിയായി ഇവിടെ നിന്നും ധർമ്മപതാക പ്രയാണം നടത്തുന്നത്.
ഗുരുദേവൻ അവദൂതനായി സഞ്ചരിച്ച വേളയിൽ പലപ്പോഴും നയിനാർ ക്ഷേത്രത്തിലെത്തി ധ്യാന നിരതനാകുമായിരുന്നു. നയിനാർ ദേവനെ സ്തുതിച്ചു കൊണ്ട് ഗുരുദേവൻ രചിച്ചതാണ് 'നയിനാർ പതികം'. ക്ഷേത്ര പുനർനിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന വിഗ്രഹം മൂല സ്ഥാനത്തുനിന്ന് ഇളക്കി ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് ഗുരുദേവനായിരുന്നു. പിന്നീട് വിഗ്രഹ പ്രതിഷ്ഠ നടത്തിയത് ഗുരുദേവ ശിഷ്യൻ ഭൈരവൻ ശാന്തിയാണ്. പ്രതിഷ്ഠാ വേളയിൽ ഗുരുദേവന്റെ പ്രത്യക്ഷ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്ന് ഭൈരവൻ ശാന്തി അന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്ത് നയിനാർ ദേവക്ഷേത്രം അരുമാനൂരിൽ മാത്രമാണുള്ളത് . 9ന് വൈകുന്നേരം പതാക ശിവഗിരിയിൽ എത്തിച്ചേരും . 10 ന് രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തുന്നതോടെ ശിവഗിരിയിൽ ത്രിദിന വിജ്ഞാനോത്സവത്തിന് തുടക്കം കുറിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |