ലണ്ടൻ: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ യു.കെയിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ഹാർമണിയിൽ ശ്രീനാരായണഗുരുദേവന്റെ മഹത്വവും ഗുരുവിന്റെ ഏകലോക ദർശനവും ആധുനിക ലോകത്ത് ഗുരുദേവ ദർശനത്തിന്റെ പ്രാധാന്യവും ചർച്ചചെയ്തു. ആഗോള സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി നടന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഗുരുവിന്റെ തത്വചിന്തയുടെ ആഗോള സ്വാധീനം എന്ന വിഷയത്തിൽ ചിക്കാഗോ ലയോള യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആനി വിംഗെന്റർ പ്രബന്ധം അവതരിപ്പിച്ചു. ഗുരു-കേരള സാമൂഹിക നവോത്ഥാനത്തിന്റെ നിശബ്ദ ശില്പി എന്ന വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം. പി പ്രഭാഷണം നടത്തി. തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ ലണ്ടൻ യൂണിവേഴ്സിറ്റി റിട്ട.പ്രൊഫ.അലക്സ് ഗാത്തും ശ്രീനാരായണ ഗുരുവിന്റെ സാമ്പത്തിക ദർശനം എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി മുൻ യു.ജി.സി എമിരിറ്റസ് പ്രൊഫസർ ആൻഡ് ഡീൻ ഡോ. ശാർങ്‌ഗധരനും സംസാരിച്ചു. മതവൈവിദ്ധ്യത്തെയും സാർവത്രികതയെയും കുറിച്ചുള്ള ഗുരുവീക്ഷണം എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഡോ. എം.വി. നടേശനും സംഘടനയിലൂടെ ശക്തി- കൂട്ടായ സംരംഭത്തിന്റെ ശക്തി എന്ന വിഷയത്തിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.സുരേഷ് കുമാർ മധുസൂദനനും സംസാരിച്ചു. സുസ്ഥിരമായ അഭിവൃദ്ധിയെക്കുറിച്ചുള്ള ഗുരുദർശനത്തിൽ ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോ.സിദ്ദിഖ് അഹമ്മദും ഗുരുവിന്റെ അനുഗ്രഹം ശരീരത്തിന്റെ സമാധാനവുമായി സംഗമിക്കുന്നിടമെന്ന വിഷയത്തിൽ ആംബോസ് ഗ്രൂപ്പ് സി.ഇ.ഒ ഡോ. വരുൺ രാധാകൃഷ്ണനും സംസാരിച്ചു. ഗുരുദേവ ദർശനത്തിന്റെയും ഉപദേശങ്ങളുടെയും മൂല്യം ലോകസമക്ഷം അവതരിപ്പിക്കുന്നതിൽ ശിവഗിരി ആശ്രമം യു.കെയുടെയും സേവനം യു.കെയുടെയും ആഭിമുഖ്യത്തിൽ നടന്ന ആഗോള ഉച്ചകോടിക്ക് സാദ്ധ്യമായി. ആഗോള ഗുരുദർശന പഠനകേന്ദ്രമായി യു.കെ ശിവഗിരി ആശ്രമം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സേവനം യു.കെ ചെയർമാനും ശിവഗിരി ആശ്രമം യു.കെ പ്രസിഡന്റുമായ ബൈജു പാലക്കൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |