തിരുവനന്തപുരം : ഏഴു വയസുകാരിയുടെ കൈ ഞരമ്പ് തെരുവ് നായയുടെ കടിയേറ്റ് മുറിഞ്ഞത് പേവിഷം പെട്ടെന്ന് തലച്ചോറിലെത്തുന്നതിനിടയാക്കി. ഞരമ്പിന്റെ സാന്ദ്രത കൂടിയ ഭാഗത്താണ് കടിയേറ്റ് ആഴത്തിൽ മുറിവുണ്ടായത്. കുട്ടിയുടെ മരണശേഷം എസ്.എ.ടി സൂപ്രണ്ട് ഡോ.എസ്.ബിന്ദു വാർത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം വിശദീകരിച്ചത്.
അതിവേഗം വൈറസ് തലച്ചോറിലെത്തിയതോടെ വാക്‌സിന് പ്രതിരോധം തീർക്കാൻ കഴിയാതെ പോയി. മൂന്നു ഡോഡ‌് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ നിയാ ഫൈസൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
വാക്സിൻ ഫലപ്രദമാണെന്ന് ഡി.എം.ഇ ഡോ.വിശ്വനാഥൻ പറഞ്ഞു. വാക്സിന് വൈറസിനെ നിർവീര്യമാക്കാൻ കഴിയും മുൻപ് വൈറസ് ഞരമ്പിൽ കയറിയാൽ അപകടമാണ്. കുട്ടിയുടെ അമ്മ ക്വാറന്റൈനിൽ അല്ലെന്നും ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ കോളേജിലെ ഇൻഫക്ഷൻ ഡിസീസ് വിഭാഗം മേധാവി ഡോ.അരവിന്ദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
'പറഞ്ഞത് ആരും കേട്ടില്ല, എന്റെ
കുഞ്ഞിനെപട്ടി കടിച്ചുകീറി'
തിരുവനന്തപുരം:''അവിടെ വേസ്റ്റ് ഇടരുത്, ഇടരുത് എന്ന് എല്ലാവരോടും പറഞ്ഞതാണ്. ആരും കേട്ടില്ല. അതു തിന്നാൻ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്.
ഞാൻ ഓടിച്ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുന്നു. അപ്പോഴേ എടുത്തോണ്ടു പോയതാ ആശുപത്രിയിലേക്ക്. എനിക്കിനി കാണാൻ പോലുമില്ല...'' കുട്ടിയുടെ മരണം എസ്.എ.ടി ആശുപത്രിയിൽ സ്ഥിരീകരിച്ചശേഷം വീട്ടിലേക്കു മടങ്ങവേയാണ് അമ്മ ഹബീറയുടെ നെഞ്ചുപൊട്ടിയ വിലാപം. ഹബീറ വിങ്ങിപ്പൊട്ടിയപ്പോൾ ആശ്വസിപ്പിക്കാൻ കഴിയാതെ ഒപ്പമുണ്ടായിരുന്നവരും പൊട്ടിക്കരഞ്ഞു.
ഏഴുവയസുകാരി നിയ ഫൈസൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മകൾ മരണത്തോട് മല്ലിടുമ്പോഴും ഹബീറ തോരാകണ്ണീരുമായി കാത്തിരിക്കുകയായിരുന്നു, മൂന്നു ഡോഡ‌് പ്രതിരോധ വാക്സിനെടുത്തപ്പോഴും മുറിവുകൾ എല്ലാം ഉണങ്ങിയപ്പോഴും മകൾക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശ്വസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |