തിരുവനന്തപുരം: വന്ധ്യംകരണം നിലച്ചതോടെ പെറ്റുപെരുകിയ തെരുവ്നായ്ക്കൾ ആളുകളെ കടിച്ചു കീറുന്നു. ഇവയ്ക്കുള്ള വാക്സിനേഷൻ പാളിയത് പേവിഷ ഭീഷണിയും വർദ്ധിപ്പിച്ചു. 3.16 ലക്ഷം പേർക്കാണ് കഴിഞ്ഞ വർഷം കടിയേറ്റത്. പേവിഷ ബാധയേറ്റ് മരിച്ചത് 26 പേരും. ശരാശരി 879 പേർക്ക് പ്രതിദിനം കടിയേൽക്കുന്നു.
2017ൽ തെരുവ് നായ ആക്രമണത്തിന് ഇരയായത് 1. 35 ലക്ഷം പേരായിരുന്നു. ഏഴുവർഷത്തിനിടെയാണ് ഇത്രയധികം വർദ്ധന. 2024ൽ തിരുവനന്തപുരത്ത് 50,870പേർക്കാണ് കടിയേറ്റത്. കൊല്ലത്ത് 37,618, എറണാകുളം 32,086,പാലക്കാട് 31,303, തൃശൂർ 29,363 എന്നിങ്ങനെയാണ് ആക്രമണം. 5,719 പേർ ചികിത്സതേടിയ വയനാടാണ് ഏറ്റവും കുറവ് കേസുകൾ.
തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണവകുപ്പും ചേർന്നാണ് തെരുവ് നായ വന്ധ്യംകരണവും പേവിഷ വാക്സിനേഷനും നടത്തേണ്ടത്. ആക്രമണത്തിൽ ജീവൻ പൊലിയുമ്പോൾ യോഗം ചേർന്ന് ആക്ഷൻ പ്ലാനുകൾ രൂപീകരിക്കുമെന്നല്ലാതെ തുടർ നടപടികളില്ല.
റെയിൽ വേസ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, സ്കൂൾ, ആശുപത്രി വളപ്പുകൾ എന്നിങ്ങളിൽ നിന്നു പോലും തെരുവനായ്ക്കളെ അകറ്റാൻ നടപടിയില്ല. ഗ്രാമീണ റോഡുകളിൽ നായ്കൂട്ടം എപ്പോൾ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥ. ഇരുചക്ര വാഹനക്കാരെ കുറുകേ ചാടി വീഴ്ത്തും. ഇറച്ചി വേസ്റ്റുൾപ്പെടെ റോഡിൽ തള്ളുന്നതിനാൽ നായ്ക്കൾ അവിടെത്തന്നെ തമ്പടിക്കുന്നു.
2019ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം 2,89,986 തെരുവ്നായ്ക്കളുണ്ടെന്നാണ് കണക്ക്. ഇപ്പോഴത് നാലു ലക്ഷമായി.
ഷെൽട്ടർ ഹോമുകളും പാളി!
തെരുവ് നായ്ക്കൾക്കായി ഷെൽട്ടർ ഹോമുകൾ ആരംഭിക്കാൻ 2022ൽ തീരുമാനിച്ചു
തദ്ദേശ,ആരോഗ്യ,മൃഗസംരക്ഷ വകുപ്പുകളുടെ യോഗത്തിലായിരുന്നു ഇത്
തദ്ദേശസ്ഥാപനങ്ങൾ ജനരോഷം ഭയന്ന് പിൻമാറുകയായിരുന്നു
ജനവാസകേന്ദ്രങ്ങളുടെ സമീപത്തൊന്നും സാദ്ധ്യമല്ലെന്ന് കണ്ടെത്തി
വന്ധ്യംകരണം നിയമകുരുക്കിൽ
കുടുംബശ്രീയാണ് മുൻകാലങ്ങളിൽ സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണം നടത്തിയിരുന്നത്. 2023ൽ കേന്ദ്രസർക്കാർ ചട്ടം പുതുക്കിയതോടെ അനിമൽ വെൽഫയർ ബോർഡ് ഒഫ് ഇന്ത്യ കുടുംബശ്രീക്കുള്ള അംഗീകാരം പിൻവലിച്ചു. ഇത് വന്ധ്യകരണ പ്രവർത്തനങ്ങളെ തകിടം മറിച്ചു. പുതിയ ചട്ടപ്രകാരം എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങനാകാത്ത സ്ഥിയിയാണ്.
സാധാരണക്കാരെ തെരുവുനായ്ക്കൾക്ക് വിട്ടുകൊടുത്ത് സർക്കാർ രമിക്കുന്നു: കെ.സുധാകരൻ
സാധാരണക്കാരെ തെരുവ് നായ്ക്കൾക്ക് വിട്ടുകൊടുത്തും സർക്കാർ ആശുപത്രികളിലെ രോഗികളെ മരണത്തിനു വിട്ടുകൊടുത്തും സർക്കാർ വാർഷിക ആഷോഷത്തിൽ രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.പ്രതിരോധ വാക്സീൻ എടുത്തിട്ടും എഴുവയസ്സുകാരി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ നിഷ്ക്രിയത്വത്തിന് തെളിവാണ്. സർക്കാർ പണം നൽകാത്തതിനാലാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിന്നോട്ട് പോയത്.
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായി അഞ്ചു പേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് വീണ്ടും അതേ കെട്ടിടത്തിൽ പുക ഉയരുന്ന അതീവ ഗൗരവമായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |