കൊച്ചി: മുന്നൂറിലധികം പ്ലസ്ടു അദ്ധ്യാപകരെ സ്ഥലംമാറ്റി ഹയർസെക്കൻഡറി വകുപ്പ് മാർച്ച് 11ന് ഇറക്കിയ ഉത്തരവ് കേരള അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണൽ കൊച്ചി ബെഞ്ച് റദ്ദാക്കി. ഹയർസെക്കൻഡറി അദ്ധ്യാപകരുടെ 2025-"26 വർഷത്തേക്കുള്ള സ്ഥലംമാറ്റം നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം,പി.കെ.കേശവൻ എന്നിവരുൾപ്പെട്ട ട്രൈബ്യൂണൽ നിർദ്ദേശിച്ചു.
വിദ്യാർത്ഥികളില്ലാത്തതിനാൽ എക്സസിന്റെ പേരിൽ സ്ഥലംമാറ്റം നേരിട്ടവരും ഇവരെ ഉൾക്കൊള്ളിക്കാനായി വിദൂര ജില്ലകളിലേക്ക് നിർബന്ധിത സ്ഥലംമാറ്രം ലഭിച്ചവരും നൽകിയ ഹർജിയിലാണ് ഉത്തരവ്.
2023-24ലെ തസ്തികയനുസരിച്ച് 210 അദ്ധ്യാപകരെയാണ് സ്ഥലംമാറ്റിയത്. ഇവരെ സ്വന്തം ജില്ലയിലോ സമീപ ജില്ലയിലോ പുനർവിന്യസിക്കാനെന്ന പേരിൽ മറ്റ് നൂറിലധികം അദ്ധ്യാപകരെ വിദൂര ജില്ലകളിലേക്ക് മാറ്റിയതോടെയാണ് ഡയറക്ടറുടെ ഉത്തരവ് വിവാദമായത്. വാർഷിക പരീക്ഷാ വേളയിൽ, പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സ്ഥലംമാറ്റം. പോയവർഷത്തെ തസ്തിക നിർണയ വിഷയങ്ങൾ മാറ്റിവച്ച്, ഹർജിക്കാർക്കും അനുചിതമായ പൊതുസ്ഥലം മാറ്റത്തിന് നടപടി സ്വീകരിക്കണമെന്ന് ബെഞ്ച് നിർദ്ദേശം നൽകി.
കൈറ്റ് സി.ഇ.ഒയ്ക്ക് വിമർശനം
പൊതുസ്ഥലംമാറ്റത്തിന് സഹായത്തിനായി ചുമതലപ്പെടുത്തിയതാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷനെ (കൈറ്റ്) എന്ന് ട്രൈബ്യൂണൽ പറഞ്ഞു. എന്നാൽ സ്ഥലംമാറ്റ പ്രക്രിയയിൽ ഇടപെടലുകൾ നടത്തി. ചില സർക്കുലറുകളും ഇറക്കി. ഇപ്പോൾ സ്ഥലംമാറ്റി നിയമിച്ചവരെ പൊതുസ്ഥലംമാറ്റത്തിന് പരിഗണിക്കില്ലെന്നാണ് സി.ഇ.ഒ ട്രൈബ്യൂണലിൽ ഹാജരായി പറഞ്ഞത്. ബന്ധപ്പെട്ട അധികൃതർ ഇത് ഗൗരവത്തിലെടുക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |