ഒരുകാലത്ത് ആദരപൂർവം നടന്നിരുന്ന അദ്ധ്യാപക ദിനാചരണം വഴിപാടു പോലെയായിട്ടുണ്ട്. സംഘടനാപ്പോര് കൂടിയതോടെ ബഹിഷ്‌കരണത്തിനും ഗോഗ്വാ വിളികൾക്കും മദ്ധ്യേയാണ് പലപ്പോഴും ചടങ്ങ് നടന്നുപോകുന്നത്. കക്ഷിരാഷ്ട്രീയം അദ്ധ്യാപക സംഘടനകളെയും ബാധിച്ചതിന്റെ ഫലമാണിതൊക്കെ. എന്നിരുന്നാലും സെപ്‌തംബർ - 5 സമുചിതമായി ആചരിക്കുന്നതിൽ ഒട്ടുമിക്ക സ്‌കൂളുകളും താത്‌പര്യം കാണിക്കാറുണ്ട്. അദ്ധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ചടങ്ങ് തലസ്ഥാനത്താണ് ഇക്കുറി നടന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ ശരാശരിയിൽ താഴെ നിൽക്കുന്ന വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്നതിൽ അദ്ധ്യാപകർ വഹിക്കേണ്ട പങ്കിനെക്കുറിച്ച് പറയുകയുണ്ടായി. ഒരു ക്ളാസിൽത്തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികളും ശരാശരിയിൽ താഴെയുള്ള കുട്ടികളും ഉണ്ടാകും. കുട്ടികളിലെ ഗ്രഹണശേഷിയിലും കാണും ഈ ഉയർച്ച താഴ‌്‌ചകൾ. നിലവാരം കൂടിയ കുട്ടികളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയുടെയും പരിഗണനയുടെയും പതിന്മടങ്ങു വേണം നിലവാരം കുറഞ്ഞവരെ ഉന്നതിയിലെത്തിക്കാൻ. ശരാശരി നിലവാരത്തിലും താഴെയുള്ള കുട്ടികളും ക്ളാസിലുണ്ടാകും. വിജ്ഞാനം എല്ലാ കുട്ടികൾക്കും ഒരുപോല അനുഭവവേദ്യമാക്കുന്നതിനാകണം അദ്ധ്യാപകർ പരിശ്രമിക്കേണ്ടത്. ഇതിനായി ക്ളാസിലെ ഓരോ കുട്ടിയെയും അദ്ധ്യാപകർ നിരീക്ഷിക്കേണ്ടിവരും. പഠനത്തിൽ പിന്നാക്കം നിൽക്കുന്നതിനു കാരണം പലതായിരിക്കും. അത് കൃത്യമായി മനസിലാക്കാൻ ഓരോ കുട്ടിയുടെയും ജീവിത പശ്ചാത്തലവും ബുദ്ധിപരമായ നിലവാരവും വിലയിരുത്തേണ്ടിവരും. കുടുംബ സാഹചര്യങ്ങൾ മോശമായ കുട്ടിക്ക് പഠന കാര്യങ്ങളിൽ താത്‌പര്യക്കുറവുണ്ടാകുക സ്വാഭാവികമാണ്. ഈ ഗണത്തിൽപെട്ട കുട്ടികളുടെ കാര്യത്തിൽ അദ്ധ്യാപകർ വിചാരിച്ചാൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പാഠപുസ്‌തകങ്ങൾ മാത്രമാകരുത് ക്ളാസിലെ പഠനവസ്‌തു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അദ്ധ്യാപകരായിരിക്കണം വഴികാട്ടികൾ. കാലം മാറിയതനുസരിച്ച് ഗുരുശിഷ്യ ബന്ധങ്ങളിൽ വല്ലാതെ ഉലച്ചിലുണ്ടായിട്ടുണ്ടെങ്കിലും അർപ്പണ ബോധമുള്ള അദ്ധ്യാപകരുള്ള സ്‌കൂളുകളിൽ ഇപ്പോഴും അതു നല്ല നിലയിൽത്തന്നെ നിലനിൽക്കുന്നതായി കാണാം.
സ്വാശ്രയ സ്‌കൂളുകളിലെ ഉയർന്ന വിജയ ശതമാനം ചൂണ്ടിക്കാട്ടി കുട്ടികളുടെ പഠന നിലവാരം അളക്കാൻ ശ്രമിക്കുന്നത് കഥയില്ലായ്‌മയാണ്. കാരണം ഇത്തരം സ്‌കൂളുകളിൽ പഠിക്കാനെത്തുന്ന കുട്ടികളിൽ അധികം പേരും ഏറെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാകും. കുട്ടികളുടെ പഠനത്തിനായി എത്ര വലിയ തുകയും മുടക്കാൻ കെല്പുള്ളവരാണവർ. എന്നാൽ പൊതുവിദ്യാലയങ്ങളാണ് സമൂഹത്തിലെ തൊണ്ണൂറു ശതമാനം കുടുംബങ്ങൾക്കും ആശ്രയമെന്നതിനാൽ ഇവിടത്തെ കുട്ടികളുടെ കാര്യത്തിലാണ് അധികശ്രദ്ധ വേണ്ടിവരുന്നത്. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി സമീപകാലത്ത് ഗണ്യമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പരീക്ഷാഫലങ്ങളിൽ അതിന്റെ പ്രതിഫലനവും കാണാനുണ്ട്. പിന്നാക്കം നിന്നിരുന്ന ഒട്ടേറെ സ്കൂളുകൾ മുൻനിരയിലേക്ക് ഉയർന്നത് അദ്ധ്യാപകർ കൂടി ഏക മനസോടെ അദ്ധ്വാനിക്കുന്നതുകൊണ്ടാണ്. കുട്ടികളിൽ അദ്ധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധ അനിവാര്യമാണ്. വളരെയധികം കുട്ടികളുള്ള ക്ളാസിൽ ഇതു സാദ്ധ്യമാകുമോ എന്ന സന്ദേഹം ഉയരാം. എന്നാൽ കുട്ടികളുടെ ഭാവിയിൽ താത്‌പര്യമുള്ള ഏതൊരു അദ്ധ്യാപകനും ഇത് സാധിക്കും. കുട്ടികളിലുണ്ടാകുന്ന ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുന്ന അദ്ധ്യാപകന് അതിന്റെ കാരണമറിയാനുള്ള ഉത്‌കണ്ഠയും കൂട്ടത്തിലുണ്ടാകണം. എങ്കിലേ കാരണം കണ്ടെത്തി മുഖ്യധാരയിലേക്ക് കുട്ടിയെ കൊണ്ടുവരാനാകൂ.
സമൂഹത്തെ ബാധിച്ചിട്ടുള്ള പല തരത്തിലുള്ള ദൂഷ്യങ്ങളിൽ നിന്ന് കുട്ടികളും പൂർണമായും മുക്തരല്ല. ലഹരിയും മയക്കുമരുന്നുമൊക്കെ നൽകി കുട്ടികളെ വഴിതെറ്റിക്കാൻ പ്രേരിപ്പിക്കുന്ന ഗൂഢസംഘങ്ങൾ ഓരോ വിദ്യാലയ പരിസരത്തും ഒളിഞ്ഞിരിപ്പുണ്ട്. വിദ്യാർത്ഥി ലോകം ഇന്ന് ഏറെ ഭീഷണി നേരിടേണ്ടിവരുന്നതും ഇക്കൂട്ടരിൽ നിന്നാണ്. ഇവിടെയും രക്ഷകരാകാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് അദ്ധ്യാപകരാകുമല്ലോ. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനൊപ്പം കുട്ടികളെ നേരായ വഴിക്കു നയിക്കാൻ കൂടി കഴിയുമ്പോഴാണ് ഏതൊരു അദ്ധ്യാപകന്റെയും കർമ്മമണ്ഡലം സാർത്ഥകമാകുന്നത്. ഓരോ അദ്ധ്യാപക ദിനവും മഹത്തായ ആ കടമയെക്കുറിച്ചുള്ള സ്‌മരണകളിലൂടെയാണ് കടന്നുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |