സമാനതകളില്ലാത്ത നിയമസേവനവും നീതിബോധവുംകൊണ്ട് നിയമ മേഖലയിലെ തിളക്കമുള്ള നക്ഷത്രമായ ജസ്റ്റിസ് സുകുമാരൻ നീതിപീഠത്തിലെത്തുന്നത് ദീർഘമായ അഭിഭാഷകവൃത്തിക്കു ശേഷമാണ്. 1954 ജൂണിലായിരുന്നു ആ അഭിഭാഷക ദൗത്യത്തിന്റെ തുടക്കം. മുതിർന്ന അഭിഭാഷകനായിരുന്ന പി. ഗോവിന്ദൻ നായരുടെ ശിഷ്യനായിട്ടായിരുന്നു ആരംഭം. പരേതനായ പി. ഗോവിന്ദൻനായർ അഭിഭാഷകനായിരുന്നപ്പോൾത്തന്നെ ലാ കോളേജിൽ പാർട്ട് ടൈം പ്രൊഫസറും ആയിരുന്നു. അതുവഴിയായിരുന്നു ലാ കോളേജിലേക്കുള്ള സുകുമാരന്റെ പ്രവേശം. അഭിഭാഷകവൃത്തി ആരംഭിക്കുമ്പോൾത്തന്നെ, ഗുരുവായ പി. ഗോവിന്ദൻ നായർ ഒരു നിബന്ധന മുന്നോട്ടുവച്ചു: ഇനി മുതൽ നിയമവും അഭിഭാഷക സേവനവും മാത്രമായിരിക്കണം ശ്രദ്ധിക്കേണ്ടുന്ന വിഷയങ്ങൾ.
ഒരു മന്ദഹാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു: 'സുകുമാരന് അറിയാമല്ലോ; ആ ഇംഗ്ളീഷ് ചൊല്ല്- Law is jealous mistress! അസൂയാലുവായ ഒരു വെപ്പാട്ടിയാണ് നിയമം! ഗുരുവിന്റെ നിബന്ധന പൂർണമായും പാലിക്കാമെന്ന ധാരണയിലാണ്, കേരളത്തിലെ വാണിജ്യ, വ്യവസായരംഗത്തെ മികച്ച കമ്പനികളുടെയെല്ലാം നിയമോപദേശകരായി പ്രവർത്തിക്കുന്ന 'മേനോൻ ആൻഡ് പൈ"യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയത്. അതുകൊണ്ടുണ്ടായ പ്രയോജനം ചെറുതായിരുന്നില്ല. സമ്പന്നമായ നിയമ ലൈബ്രറിയായിരുന്നു അവിടത്തേത്. ഒരു നിയമവിദ്യാർത്ഥിയോ അഭിഭാഷകനോ വായിച്ചിരിക്കേണ്ട, എല്ലാ രാജ്യങ്ങളിലെയും നിയമ റിപ്പോർട്ടുകൾ വരുത്തിയിരുന്ന ഏകസ്ഥാപനവും അതായിരുന്നു.
ശിഷ്യനായിരിക്കുമ്പോൾത്തന്നെ സീനിയറിനൊപ്പം കോടതിമുറിയിൽ മുൻനിരയിൽ ഇരിക്കാൻ ചീഫ് ജസ്റ്റിസിൽ നിന്ന് സുകുമാരനുള്ള അനുവാദം സീനിയർ നേടിയെടുത്തു. അതും വലിയ ഉപകാരമായി. വാദങ്ങൾ അവതരിപ്പിക്കുന്നതിൽ സീനിയറിനെ തൊട്ടടുത്തിരുന്ന് സഹായിക്കാൻ അതുമൂലം സാധിച്ചു. ജഡ്ജിമാരുടെ പ്രതികരണവും മനോഭാവവും എങ്ങനെയൊക്കെയാണ് എന്നു മനസിലാക്കി, അതിന് അനുസൃതമായ വിധം വാദഗതികൾ ഉന്നയിക്കേണ്ടത് എങ്ങനെ എന്ന വലിയ പാഠവും സുകുമാരൻ ആ കാലഘട്ടത്തിൽത്തന്നെ പഠിച്ചു
ഗുരുനാഥന്റെ
അനുഗ്രഹം
രാഷ്ട്രീയത്തിലും പ്രഗത്ഭരായിരുന്ന ഒട്ടേറെപ്പേർ അന്ന് തിരുവിതാംകൂർ ഹൈക്കോടതിയിലുണ്ടായിരുന്നു. അഡ്വക്കേറ്റുമാരായിരുന്ന കെ.എം. ഗംഗാധര മേനോൻ, പറവൂർ ടി.കെ. നാരായണപിള്ള (പിന്നീട് മുഖ്യമന്ത്രി) ഇവർക്കെല്ലാം രാഷ്ട്രീയ- പ്രക്ഷോഭ പ്രവർത്തനങ്ങൾ മൂലം കോടതിയിൽ ഹാജാരാകാൻ വിഷമം നേരിട്ടപ്പോൾ അവരുടെ കേസുകൾ മുഴുവനും ഏല്പിച്ചത് അന്ന് യുവ അഭിഭാഷകനായിരുന്ന അഡ്വ. പി. ഗോവിന്ദൻനായരെയായിരുന്നു. അങ്ങനെ എല്ലാത്തരത്തിലുമുള്ള സിവിൽ നിയമ കേസുകളും സമർത്ഥമായി കൈകാര്യം ചെയ്യാൻ ഗോവിന്ദൻനായർക്ക് അവസരം ലഭിച്ചു. അങ്ങനെ അറിവും അനുഭവവും ധാരാളമുണ്ടായിരുന്ന ഒരു അഭിഭാഷക പ്രതിഭയുടെ ശിക്ഷണത്തിൽ പ്രവർത്തിക്കാനായതാണ് ജസ്റ്റിസ് കെ. സുകുമാരന്റെ വിജയത്തിന് പ്രധാന കാരണം.
കൊച്ചി തുറമുഖത്തിന്റെ നിയമോപദേശകനായും പി.ഗോവിന്ദൻനായർ സേവനമനുഷ്ഠിച്ചിരുന്നു. ദേശീയവും അന്തർദേശീയവുമായ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ജൂനിയർ അഭിഭാഷകനായിരുന്ന കെ. സുകുമാരന് അതുവഴി കഴിഞ്ഞു. 1963- ൽ ഗോവിന്ദൻനായർ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. ഹൈക്കോടതിയിലെ സിവിൽ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മറ്റൊരു അഭിഭാഷകനും അന്ന് 'മേനോൻ ആൻഡ് പൈ" സ്ഥാപനത്തിലുണ്ടായിരുന്നില്ല. ജൂനിയർ അഭിഭാഷകനായിരുന്ന കെ. സുകുമാരന് ഈ വലിയ കേസുകളൊക്കെ കൈകാര്യം ചെയ്യാൻ പറ്റുമോ എന്ന് സംശയമുണ്ടായപ്പോൾ ആ ഉറപ്പും പ്രോത്സാഹനവുമാണ് അഡ്വ. പി. ഗോവിന്ദൻനായർ നൽകിയത്. പ്രധാന കേസുകളിലെല്ലാം കെ. സുകുമാരൻ തുടർന്നാൽ മതിയെന്നായിരുന്നു കേസിലെ കക്ഷികളുടെയും തീരുമാനം.
അങ്ങനെ തിരക്കുള്ള അഭിഭാഷകനായിരിക്കുമ്പോഴായിരുന്നു, സുകുമാരന്റെ വിവാഹം. കെ.കെ. ഉഷ (പരേതയായ ഹൈക്കോടതി ചീഫ് ജസ്റ്റിസ്) അന്ന് കരാർനിയമത്തിൽ ബിരുദാന്തരബിരുദ പഠനം നടത്തുകയായിരുന്നു. കൊച്ചിയിലെ ആദ്യത്തെ ബിരുദധാരിയും ആദ്യത്തെ ജുഡീഷ്യൽ ഓഫീസറും ആയിരുന്ന അയ്യാക്കുട്ടി ജഡ്ജിയുടെ പേരക്കുട്ടിയാണ് കെ.കെ. ഉഷ. അങ്ങനെയിരിക്കെ, അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്നു അബ്ദുൽ ഖാദർ സുകുമാരനോട് ഒരു നിർദ്ദേശം വച്ചു: ഗവണ്മെന്റ് പ്ളീഡറാവുക! പ്ളീഡർക്കുള്ള ശമ്പളത്തേക്കാൾ അധികം വരുമാനം ലഭിച്ചിരുന്ന കാലഘട്ടമാണ്. ഒരു കാര്യം അഡ്വക്കേറ്റ് ജനറൽ തറപ്പിച്ചുപറഞ്ഞു- സ്റ്റേറ്റിലാകെയുള്ള വ്യത്യസ്തമായ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള അസുലഭ അവസരമായിരിക്കും ഗവണ്മെന്റ് പ്ളീഡറായിരിക്കുക എന്നത്. സുകുമാരൻ സമ്മതം മൂളി.
സ്വതന്ത്രമായ
അഭിഭാഷകവൃത്തി
വില്പന നികുതിയിലെ ചെക്ക് പോസ്റ്റ് സംവിധാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന യോഗേഷ് പൈ കേസായിരുന്നു ആദ്യമായി അങ്ങനെ കൈകാര്യം ചെയ്തത്. 20 ദിവസത്തോളം നീണ്ടുനിന്നു, ഫുൾബെഞ്ചിനു മുമ്പാകെയുള്ള വാദം. സർക്കാരിനും സുകുമാരന്റെ പ്രവർത്തനം തൃപ്തികരമായി തോന്നി. മൂന്നുതവണകളായി നാലു വർഷം ഗവണ്മെന്റ് പ്ളീഡറായി അദ്ദേഹം സേവനം തുടർന്നു. സേവനകാലം നീട്ടിക്കൊണ്ടുള്ള ഗവൺമെന്റ് നിർദ്ദേശം വീണ്ടും വന്നെങ്കിലും അത് സ്വീകരിച്ചില്ല. തുടർന്നാണ് പൂർണ സ്വാതന്ത്ര്യത്തോടെ സുകുമാരൻ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടത്. കരുത്തുറ്റ സഹായമായണ് അക്കാലത്ത് സഹധർമ്മിണി കെ.കെ. ഉഷയിൽ നിന്ന് ലഭിച്ചതെന്ന് സുകുമാരൻ ഓർക്കുന്നു.
സ്വതന്ത്ര അഭിഭാഷകനായ ശേഷവും ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ കേസുകളിൽ ഹാജരാകാൻ അഡ്വ .കെ. സുകുമാരന് അവസരം കിട്ടി. രത്നപ്രഭാ കേസും, യുനുസ് കുഞ്ഞിന്റെ കേസും അവയിൽ എടുത്തുപറയേണ്ട വ്യവഹാരങ്ങളാണ്. ഈ കാലഘട്ടത്തിലാണ് യൂനുസ് കുഞ്ഞിന്റെ കേസ് വാദിക്കാൻ അമേരിക്കയിലേക്കു പോകുന്നതിന് കെ. സുകുമാരന് അവസരം കിട്ടിയത്. അധികം താമസിയാതെയാണ് ചീഫ് ജസ്റ്റിസ് ഏറാടി, ഹൈക്കോടതി ജഡ്ജിയായി അഡ്വ. കെ. സുകുമാരനെ ശുപാർശ ചെയ്യുന്നത്. ഹൈക്കോടതി ജഡ്ജി എന്ന നിലയിൽ പ്രശസ്തമായ എത്രയോ കേസുകളിൽ ജ. സുകുമാരൻ വിധി ന്യായം നടത്തി! ഇടമലയാർ കമ്മിഷൻ- നവാബ് രാജേന്ദ്രൻ കേസ്, ആർ. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ കേസ്... ഇവയെല്ലാം ജ. സുകുമാരൻ തീർപ്പു കല്പിച്ച വിധികളിൽപ്പെടുന്നു. ഇന്ന് തൊണ്ണൂറ്റിയഞ്ചാം വയസിലേക്ക് പ്രവേശിക്കുന്ന, ഇന്ത്യൻ സൊസൈറ്റി ഒഫ് ആഥേഴ്സ് ചീഫ് പേട്രൺ കൂടിയായ ജസ്റ്റിസ് (ഡോ.) കെ. സുകുമാരന് ജന്മദിനാശംസകൾ.
(ഇന്ത്യൻ സൊസൈറ്റി ഒഫ് ആഥേഴ് അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |