സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന കഴുത്തറപ്പൻ ഫീസിൽ നിന്ന് സാധാരണക്കാർക്ക് ആശ്രയമാകുന്നത് സർക്കാർ ആശുപത്രികളാണ്. എന്നാൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാത്തതും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും പലപ്പോഴും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാറുണ്ട്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ അവസ്ഥയും വ്യത്യസ്തമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ വിവിധ ടെസ്റ്റുകൾക്കായി വലിയ തുക മുടക്കേണ്ട സ്ഥിതിയാണ് പരിയാരത്തുള്ളത്. എം.ആർ.ഐ സ്കാനിംഗ് മെഷീൻ അടക്കമുള്ള ടെസ്റ്റ് സംവിധാനങ്ങൾ സ്വകാര്യ കമ്പനികളാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിനാലാണ് പരിശോധനയ്ക്ക് സാധാരണക്കാരന് വൻതുക മുടക്കേണ്ടി വരുന്നത്. സി.ടി. സ്കാനിംഗ് മെഷീൻ പലപ്പോഴും പ്രവർത്തിക്കാറില്ല. ക്യാൻസർ ചികിത്സയിൽ നിർണായകമായ കൊബാൾട്ട് തെറാപ്പി യന്ത്രവും നാലുവർഷമായി പ്രവർത്തനരഹിതമാണ്. പതിനെട്ടുകോടി ചെലവിലുള്ള പുതിയ മെഷീൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. എട്ട് ശസ്ത്രക്രിയകൾ ഒരേസമയം നടത്താവുന്ന ഓപ്പറേഷൻ തിയേറ്ററിന്റെ പല ഭാഗങ്ങളും നവീകരണത്തിന്റെ ഭാഗമായി ആറുമാസമായി അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ നിലവിൽ ഒരേസമയം രണ്ട് ശസ്ത്രക്രിയകൾ മാത്രമേ നടത്താൻ സാധിക്കുന്നുള്ളു. നവീകരണ പ്രവൃത്തി ഇഴയുന്നതിനാൽ പലപ്പോഴും ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതും പതിവാണ്.
പ്രതിദിനം നൂറ് ഡയാലിസിസുകൾ നടന്നിരുന്നെങ്കിൽ ഇപ്പോൾ ഏറെ പരിമിതപ്പെട്ടിരിക്കുകയാണ്. വിവിധ ചികിത്സാപദ്ധതിയിൽ ചെലവിട്ട വകയിൽ സർക്കാരിൽ നിന്നും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് ലഭിക്കാനുള്ളത് 110 കോടിയാണ്. കുടിശ്ശികയുള്ളതിനാൽ മരുന്നു കമ്പനിക്കാർക്ക് സമയബന്ധിതമായി പണം നൽകാൻ കഴിയാത്തത് ഉൾപ്പെടെയുള്ള പ്രതിസന്ധിയിൽ വീർപ്പുമുട്ടുകയാണ് മെഡിക്കൽ കോളേജ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നായി ദിനം പ്രതി 2500 ൽ അധികം രോഗികൾ പരിയാരം മെഡിക്കൽ കോളേജിലെത്തുന്നുണ്ട്. എട്ടു നിലകളുള്ള ആശുപത്രി സമുച്ചയത്തിൽ പുതുതായി സ്ഥാപിച്ച നാലു ലിഫ്റ്റുകളും അടിക്കടി പ്രവർത്തനരഹിതമാകും. സർക്കാർ ഏറ്റെടുത്തതിന് ശേഷം ആശുപത്രിയിൽ മൂന്നുവർഷം മുമ്പ് 40 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ തുടങ്ങിയിരുന്നു. ഇതിലുൾപ്പെടുത്തി നിർമ്മിച്ച ലിഫ്റ്റുകളാണ്- കേടാകുന്നത്. സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ താഴത്തെ നിലയിലാണ്. ലിഫ്റ്റ് തകരാറിലാകുന്നതോടെ പടിയിറങ്ങിവേണം രോഗികൾ താഴത്തെ നിലയിലെത്താൻ.
ഗ്യാസ്‌ട്രോ വിഭാഗം,ഗ്യാസ്‌ട്രോ സർജറി വിഭാഗം ഡോക്ടർമാരില്ലാത്തതിനാൽ അടച്ചുപൂട്ടി. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ക്യാൻസർ ചികിത്സാ വിഭാഗം, കാർഡിയോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി തുടങ്ങിയ വിഭാഗവും ഡോക്ടർമാരുടെ കുറവ് മൂലം പ്രവർത്തനം താളംതെറ്റിയ നിലയിലാണ്. കാർഡിയോളജി വിഭാഗത്തിൽ അടിയന്തര പ്രാധാന്യമുള്ള സർജറികൾ മാത്രമാണ് നടത്തുന്നത്. മറ്റു സർജറികൾക്ക് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ചില വിഭാഗത്തിൽ ഡോക്ടർമാർ 18 മണിക്കൂർ ജോലി ചെയ്തിട്ടുപോലും എല്ലാവർക്കും ചികിത്സ നൽകാൻ സാധിക്കാത്ത സാഹചര്യവുമാണ് നിലനിൽക്കുന്നത്. ആശുപത്രി വികസനസമിതി സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ടിന് ഒരു ലക്ഷം രൂപവരെ ചെലവഴിക്കാൻ സാധിക്കും. വികസന സമിതി ചെയർമാനായ കളക്ടറുടെ അനുമതിയിൽ 15 ലക്ഷവും വികസനസമിതി കമ്മിറ്റിയുടെ അംഗീകാരത്തിൽ 50 ലക്ഷം രൂപ വരെയും ആശുപത്രി വികസനത്തിനും ആവശ്യത്തിനും ചെലവഴിക്കാം. എന്നാൽ 50 ലക്ഷത്തിനു മുകളിൽ ചെലവഴിക്കാൻ ഡി.എം.ഇയുടെ അംഗീകാരം വാങ്ങണം. ഇത്തരം അനുമതികളിൽ കുരുങ്ങി മിക്കപ്പോഴും ആവശ്യത്തിന് ഫണ്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് എത്തുന്നില്ലെന്നാണ് പരാതി.
മരുന്നു ക്ഷാമം
പരിഹരിക്കണം
ആശുപത്രിയിൽ മൂന്ന് ഫാർമസിയുണ്ടെങ്കിലും സൗജന്യ മരുന്നുകൾ പലതും ലഭ്യമല്ല. വൻവില കൊടുത്ത് രോഗികൾ മരുന്ന് പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയാണ്. ഇരുപതു ലക്ഷം ചെലവിട്ടു നവീകരിച്ച കെട്ടിടമുണ്ടായിട്ടും മരുന്നുകൾ ആശുപത്രി വരാന്തയിൽ കെട്ടിക്കിടക്കുകയാണ്. മരുന്നുപെട്ടികൾ അലക്ഷ്യമായി വരാന്തകളിൽ കൂട്ടിയിട്ട നിലയിലും. പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട ചില മരുന്നുകളടക്കമാണ് വരാന്തയിലെ സെറാമിക് തറയിൽ കൂട്ടിയിട്ടിരിക്കുന്നത്. ആശുപത്രി ഫാർമസിയിൽ എ.സി സംവിധാനമില്ലാത്തതും മരുന്നുകളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിശ്രമകേന്ദ്രം നിർമ്മിക്കാത്തതിനാൽ ആശുപത്രി വരാന്തയിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ രാത്രികാലത്തും കഴിച്ചുകൂട്ടുന്നത്.
കാലപ്പഴക്കത്തിൽ
ജില്ലാ ആശുപത്രിയും
ദിനംപ്രതി ആയിരങ്ങൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയ്ക്കും അടിയന്തര ചികിത്സ ആവശ്യമാണ്. പഴയ കെട്ടിടങ്ങളിൽ പലതും അപകടാവസ്ഥയിലാണ്. ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' ബ്ലോക്കിനടുത്തുള്ള പഴയ ഫീമെയിൽ സർജറി ബ്ലോക്ക് കെട്ടിടം അപകടാവസ്ഥയിലായിട്ട് പൊളിച്ചുമാറ്റാൻ നടപടിയായില്ല. കാലപ്പഴക്കത്താൽ 60 വർഷം പഴക്കമുള്ള കെട്ടിടം ഒരു വർഷം മുൻപ് പൊളിക്കാൻ തീരുമാനിച്ചിരുന്നു. ഈ കെട്ടിടത്തിലാണ് ഓക്‌സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത്. ഓക്‌സിജൻ ടെക്‌നീഷ്യന്മാരും ഇലക്ട്രീഷ്യന്മാരും വിശ്രമിക്കുന്നത് ഇവിടെയാണ്. കെട്ടിടത്തിന്റെ കോൺക്രീറ്റ് സീലിംഗ് ഇളകി ഇരുമ്പുകമ്പി തുരുമ്പെടുത്തു. ചോർച്ച കാരണം കാലവർഷം തുടങ്ങിയത് മുതൽ കെട്ടിടത്തിനുള്ളിൽ വെള്ളം തളംകെട്ടി. കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ ഏതു നേരവും അടർന്നു വീഴുമെന്ന അവസ്ഥയിലാണ്. നിലവിൽ ഇവിടേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കയർ കെട്ടിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് അമ്മയും കുഞ്ഞും ബ്ലോക്കിനെയും ബാധിക്കും. നിലവിൽ അമ്മയും കുഞ്ഞും ബ്ലോക്കിൽ മഴയെ തുടർന്ന് ചുമരുകളിൽ വിള്ളൽ പ്രത്യക്ഷപ്പെടുകയും ചോർച്ചയുണ്ടാവുകയും ചെയ്യുന്നുണ്ട്. മഴവെള്ളം പോകുന്ന പൈപ്പ് ലീക്കായതാണ് കെട്ടിടം ചോരാനുള്ള കാരണമെന്നും മഴ നിന്നാൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പരിഹരിക്കുമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |