റാപ്പർ വേടനെ അറിയില്ലെന്ന പരാമർശത്തിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ വിശദീകരണവുമായി ഗായകൻ എംജി ശ്രീകുമാർ. താൻ പറഞ്ഞതിനെ വളച്ചൊടിക്കുന്നതിൽ വിഷമമുണ്ടെന്ന് എംജി ശ്രീകുമാർ പറഞ്ഞു. ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതികരിക്കുകയായിരുന്നു ഗായകൻ.
'താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനേക്കാൾ കൂടുതലായി, മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽ വച്ചുകെട്ടിയ താങ്കളെപ്പോലെയുള്ളവരുടെ അറിവില്ലായ്‌മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്'- എന്നായിരുന്നു മൃദുല ദേവിയുടെ കുറിപ്പ്. ഇതിന്റെ കമന്റിലായിരുന്നു എംജി ശ്രീകുമാർ വിശദീകരിച്ചത്.
'ഞാൻ എംജി,
ഒരു ചാനൽ എന്നെ വിളിച്ച് ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്. വേടനെ (ഹിരൺ ദാസ് മുരളി) എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ്‌ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാൻഡിനും എല്ലാ നന്മകളും നേരുന്നു.
സ്നേഹപൂർവ്വം. എം ജി'- എന്നാണ് ഗായകൻ പ്രതികരിച്ചത്.
കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കവേയായിരുന്നു എംജി ശ്രീകുമാർ വേടനെ അറിയില്ലെന്ന് പറഞ്ഞത്. തന്റെ ലഹരി പാട്ടുപാടുമ്പോൾ ജനങ്ങൾ കയ്യടിക്കുന്നതിൽ നിന്ന് കിട്ടുന്നതാണെന്നും സംഗീതം മാത്രമാണ് തന്റെ ലഹരിയെന്നും മറ്റ് ലഹരികൾ ഉപയോഗിക്കാറില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |