തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദികൾ തന്റെ കമ്മ്യൂണിറ്റിയിൽ തന്നെ ഉള്ള കുറച്ചു വ്യക്തികൾ ആണെന്ന് ട്രാൻസ് വുമൺ സീമ വിനീത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സീമ രംഗത്തെത്തിയത്.
രണ്ടും മൂന്നും വിവാഹവും കഴിച്ച്, കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞ് താൻ സ്ത്രീയാണ്, ട്രാൻസ് ആണ് തന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം, ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് സീമ വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് താൻ ലൈവിൽ വന്നതെന്ന് സീമ പറയുന്നു.
'ഞാൻ കുറച്ച് വോയിസുകൾ കേൾക്കാനിടയായി. എന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള വോയിസുകളാണ്. ഞാൻ വർക്കിന് പോകുന്ന സ്ഥലത്ത് വന്ന് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഞാൻ ഉദ്ഘാടനത്തിന് പോകുന്ന സ്ഥലത്ത് ഓട്ടോയിൽ വന്ന് മൈക്ക് കെട്ടിവച്ച് വിളിച്ച് പറയണം, എന്റെ വീട് ആക്രമിക്കണം, എന്നെ തല്ലണം, എന്റെ കല്യാണ സ്ഥലത്ത് വന്ന് എന്റെ കല്യാണം മുടക്കണം, ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ഇവർ പബ്ലിക്ക് ഗ്രൂപ്പകളുണ്ടാക്കി എന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.
എനിക്കിത് താങ്ങാൻ പറ്റുന്നില്ല. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കും. വ്യക്തിപരമായ കാര്യമാണ് പറഞ്ഞത്. അതിനെ മറുപടി കൊണ്ടുവേണം നേരിടാൻ. ഞാനില്ലാത്ത ഗ്രൂപ്പുണ്ടാക്കി, അതിൽ ആളുകളെ ചേർത്ത് ഞാൻ കള്ളിയാണെന്നും പിടിച്ചുപറിക്കാരിയാണെന്നും മോശക്കാരിയാണെന്നും വിളിച്ചുപറയണമെന്നൊക്കെയാണ് പറയുന്നത്. പത്ത് പതിനഞ്ച് വർഷമായി നന്നായി ജോലി ചെയ്താണ് ജീവിക്കുന്നത്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതെനിക്ക് സഹിക്കുന്നില്ല.
ഞാൻ ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. എനിക്ക് പേടിയുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഗുണ്ടായിസവുമായി നടക്കുന്ന ഒരുപാടുപേരുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഒരുപാട് ആൾക്കാർ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നിട്ടും ആൾക്കാരെ സേവ് ചെയ്ത് കൊണ്ടുപോകുകയാണ്.'- സീമ വിനീത് പറഞ്ഞു. പരാതി കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |