കോട്ടയം : സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും, മത - സാമുദായിക നേതാക്കളെ സന്ദർശിച്ചും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹം ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലായി സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷനിൽ പങ്കെടുത്തു. കേന്ദ്രസർക്കാർ പദ്ധതികൾ മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം വലിയ കടക്കെണിയിലാണ്. കഴിഞ്ഞ 9 വർഷമായി അടിസ്ഥാന സൗകര്യ വികസനമില്ല. ആകെ വന്നത് ദേശീയപാത വികസനം മാത്രമാണ്. കോൺഗ്രസിലും, സി.പി.എമ്മിലും രാജവംശ ഭരണമാണ്. രാഷ്ട്രീയ എതിരാളികളുടെ പ്രീണനമാണ് മുനമ്പത്ത് തെളിഞ്ഞത്. നാടിന്റെ സാദ്ധ്യതകൾ വളർത്തുന്ന വികസനത്തിനാണ് ബി.ജെ.പി പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. കറുകച്ചാലിൽ നടന്ന ഈസ്റ്റ് കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.എം.മനോജ് അദ്ധ്യക്ഷത വഹിച്ചു. പി.സി.ജോർജ്, എസ്.സുരേഷ്, പ്രൊഫ.ജെ.പ്രമീള ദേവി, അശോകൻ കുളനട, ജിജി ജോസഫ്, എൻ.ഹരി, നോബിൾ മാത്യു, ബി.രാധാകൃഷ്ണ മേനോൻ, ഷോൺ ജോർജ്, എം.ബി.രാജഗോപാൽ, എൻ.പി.കൃഷ്ണകുമാർ, ജി.രാമൻ നായർ, ശ്രീനിവാസൻ കക്കുഴി, കെ.ജി.രാജ് മോഹൻ, പി.ഡി.രവീന്ദ്രൻ, മിനർവ മോഹൻ എന്നിവർ പ്രസംഗിച്ചു. കോട്ടയത്ത് നടന്ന വെസ്റ്റ് കൺവെൻഷനിൽ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. രാവിലെ കാഞ്ഞിരപ്പള്ളി രൂപതയിലെത്തിയ രാജീവ് ചന്ദ്രശേഖർ ബിഷപ്പ് മാർ ജോസ് പുളിക്കൻ, ബിഷപ്പ് എമിറിറ്റസ് മാർ മാത്യു മാത്യു അറയ്ക്കൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുമായി കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |