തിരുവനന്തപുരം: ഡോ.എ.ജയതിലകിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. പൊതുഭരണ വകുപ്പിൽ നിന്ന് കെ.ആർ.ജ്യോതിലാലിനെ ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് വനം,വന്യജീവി വകുപ്പിന്റെ പൂർണ്ണ അധിക ചുമതലകൂടി നൽകി.
മീർ മുഹമ്മദാണ് കെ.എസ്.ഇ.ബി ചെയർമാൻ. പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് അഡി. ചീഫ് സെക്രട്ടറിയായിരുന്ന പുനീത് കുമാറിനെ തദ്ദേശ വകുപ്പിലേക്ക് മാറ്റി നിയമിച്ചു. പട്ടികജാതി, പട്ടികവർഗ വികസനം, പിന്നാക്ക വിഭാഗ വികസനം, വൈദ്യുതി വകുപ്പുകളുടെ പൂർണ അധികചുമതലയും നൽകി.
ആരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെയ്ക്ക് പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെയും പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് (ഔദ്യോഗിക ഭാഷ) വകുപ്പിന്റെയും പൂർണ അധിക ചുമതല നൽകി.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജുവിന് പൊതുഭരണം, ഗതാഗതം (ഏവിയേഷൻ, മെട്രോ, റെയിൽവേ) വകുപ്പുകളുടെയും ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ.കൗശിഗന് സൈനിക ക്ഷേമ വകുപ്പിന്റെയും ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം കമ്മിഷണറുടെയും അധിക ചുമതലകൾ നൽകി.
വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ജീവൻ ബാബു റെസിലിയന്റ് കേരള പി.ഫോർ.ആർ അഡിഷണൽ ഫിനാൻസ് പ്രോഗ്രാം (തീരദേശ സംരക്ഷണം), ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ തീരദേശ സംരക്ഷണത്തിനായുള്ള പി.ഫോർ ആർ പ്രോജക്ട് എന്നിവയുടെയും മിഷൻ ഡയറക്ടറുടെയും അധികചുമതല നൽകി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീലാ അബ്ദുള്ളയ്ക്ക് തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി. വനിതാ ശിശു വികസന വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞയാഴ്ച ധനവകുപ്പിൽ നിന്നു മാറ്റിയ കേശവേന്ദ്രകുമാറിനെ ധനകാര്യ (ചെലവുകൾ) വകുപ്പ് സെക്രട്ടറിയായി വീണ്ടും നിയമിച്ചു. ഇവിടെയുണ്ടായിരുന്ന ഡോ.എസ്.ചിത്രയെ തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായി മാറ്റി നിയമിച്ചു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെയും തദ്ദേശ (മാലിന്യ സംസ്‌കരണം) വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെയും അധിക ചുമതലയുമുണ്ട്.
റീബിൽഡ് കേരള
ചുമതലയും ജ്യോതിലാലിന്
ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ കെ.ആർ.ജ്യോതിലാൽ 1993 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. നികുതി, പബ്ലിക് പ്രൊക്യൂർമെന്റ് അഡ്വൈസറി, പ്ലാനിംഗ് ആൻഡ് എക്കണോമിക് അഫയേഴ്സ് (ആർകെഐ) വകുപ്പുകളുടെയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും പൂർണ്ണ അധിക ചുമതലയും അദ്ദേഹത്തന് നൽകിയിട്ടുണ്ട്. പൊതുഭരണം, വനം,ഗതാഗതം,ഊർജ്ജം,പൊതുഭരണം, തുടങ്ങി നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |