SignIn
Kerala Kaumudi Online
Saturday, 26 July 2025 11.47 AM IST

മാന്യത വിടാത്ത തിരിച്ചടി

Increase Font Size Decrease Font Size Print Page
india-pak

ഇന്ത്യയിലെ 26 വനിതകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ചുകളയാനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ചോരയുടെ നിറമുള്ള സിന്ദൂരത്തിന്റെ പേരിൽ ഇന്ത്യ തിരിച്ചടി നൽകിയിരിക്കുന്നു. പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലുമായി ഒൻപത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം ഇന്നലെ പുലർച്ചെ മിസൈൽ ആക്രമണം നടത്തിയത്. നിയന്ത്രിതവും അതേസമയം കൃത്യവുമായ തിരിച്ചടിയാണ് നൽകിയത്. ഈ ആക്രമണത്തിന്റെ സന്ദേശം വളരെ വ്യക്തമാണ്. ഒന്നാമത്, ഇന്ത്യൻ മണ്ണിൽ കയറി നിരപരാധികളായ ജനങ്ങളെ കൊല്ലുന്ന ഭീകരാക്രമണങ്ങൾക്ക് തിരിച്ചടി നൽകുന്ന രാജ്യമാണ് ഇന്ത്യ എന്നത് പാകിസ്ഥാനെയും അവരെ അനുകൂലിക്കുന്ന മറ്റ് ലോക രാജ്യങ്ങളെയും ബോദ്ധ്യപ്പെടുത്തുക. ആക്രമണത്തിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കിയതിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ജനങ്ങളെ കരുതലോടെ കാണുന്നു എന്ന സന്ദേശവും നൽകി.

ഒപ്പം തന്നെ, സൈനിക കേന്ദ്രങ്ങൾ ഒഴിവാക്കിയതിലൂടെ ഈ തിരിച്ചടി പാകിസ്ഥാനും പാക് സേനയ്ക്കും എതിരല്ലെന്നും, മറിച്ച് പാകിസ്ഥാനിൽ തമ്പടിച്ച് ഇന്ത്യയിലും മറ്റും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്ന ഭീകരരെ മാത്രം ലക്ഷ്യം വച്ചാണെന്നുമുള്ള മുഴക്കമുള്ള സന്ദേശം അടങ്ങുന്നതാണ് ബുധനാഴ്ച രാത്രി 1.45ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക ദൗത്യം. പാക് അധീന കാശ്‌മീരിലെ അഞ്ചും പാകിസ്ഥാനിലെ നാലും ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാകിസ്ഥാന്റെ വ്യോമപാത ലംഘിച്ചിട്ടില്ല. അതേസമയം 2019-ലെ ബാലാകോട്ട് ആക്രമണത്തിൽ വ്യോമപാത ലംഘിച്ചാണ് ആക്രമണം നടത്തിയത്. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള നാല് ഭീകര കേന്ദ്രങ്ങൾ ആക്രമണ ലക്ഷ്യമായി തീരുമാനിച്ചതും വ്യക്തമായ സന്ദേശം ഭീകരർക്ക് നൽകുന്നതിനായിരുന്നു. ഈ നാല് കേന്ദ്രങ്ങളും ആക്രമിക്കണമെന്ന് ഇന്ത്യയുടെ ഇന്റലിജൻസ് വിഭാഗമാണ് തീരുമാനിച്ചത്.

ഇതിൽ ഏറ്റവും പ്രധാനം ബഹാവൽപൂരിൽ നടത്തിയ ആക്രമണമാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ താർ മരുഭൂമിക്ക് അരികിലായാണ് ഈ സ്ഥലം. ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ശക്തികേന്ദ്രമാണ് ബഹാവൽപൂർ. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ നേതാവ് മസൂദ് അസറിന്റെ ജന്മസ്ഥലം കൂടിയാണിത്. കോട്ട്‌ലി, മുസഫറാബാദ്, മുരിഡ്‌‌കെ, ഭവൽപൂർ, സിയാൽകോട്ട്, ബർണാൽ തുടങ്ങിയ സ്ഥലങ്ങളിലെ ഭീകര ക്യാമ്പുകളും ഇന്ത്യൻ സേന തകർത്തു. ഈ ഒൻപതു കേന്ദ്രങ്ങൾക്കും ഇന്ത്യയെ ലക്ഷ്യംവച്ച് നടന്ന ഭീകരാക്രമണങ്ങളുമായും നുഴഞ്ഞുകയറ്റ ശ്രമങ്ങളുമായും ബന്ധമുണ്ട്. ആ അർത്ഥത്തിൽ പഴയ ചില കണക്കുകൾ തീർക്കുന്നതുകൂടി ലക്ഷ്യം വച്ചുള്ള തിരിച്ചടിയാണ് നടന്നത്. ലഷ്‌കറെ ത്വയ്‌ബയുടെ നേതൃത്വത്തിലുള്ള ഭീകര ക്യാമ്പാണ് മുരിഡ്‌കെയിൽ തകർത്തത്. 82 ഏക്കർ വിസ്‌തൃതിയിലുള്ള മുരിഡ്‌കെയിലെ ഭീകരകേന്ദ്രത്തിൽ പരിശീലന മേഖലകൾ, ലോഞ്ച് പാഡുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉള്ളതാണ്.

2008-ലെ മുംബയ് ആക്രമണത്തിനു പിന്നിൽ ലഷ്‌കറെ ത്വയ്ബ ആണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നതാണ്. 26 /11 മുംബയ് ആക്രമണത്തിന് ഭീകരർക്ക് പരിശീലനം നൽകിയത് ഇവിടത്തെ ക്യാമ്പിലായിരുന്നു. സിയാൽകോട്ടിലെ ക്യാമ്പ് ഹിസ്‌ബുൾ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയുടെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തിന് ഭീകരർക്ക് ലഷ്‌കറെ ത്വയ്ബ പരിശീലനം നൽകുന്ന ക്യാമ്പാണ് ബർണാലയിൽ പ്രവർത്തിച്ചിരുന്നത്. മുസാഫറാബാദിലെ ക്യാമ്പിലെ ഭീകരരാണ് പ്രധാനമായും കാശ്‌മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ സജീവമായിരുന്നത്.

1971-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി പാക് അധീന കാശ്‌മീരിൽ കയറി തിരിച്ചടി നടത്തിയത്. ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്ബയും ജെയ്ഷെ മുഹമ്മദുമായിരുന്നു ഇന്ത്യയുടെ ഈ തിരിച്ചടിയുടെ പ്രധാന ലക്ഷ്യങ്ങൾ. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും പാക് പട്ടാളത്തിന്റെയും സഹായത്തോടെ വളർത്തിയെടുത്ത ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൂക്ഷ്‌മതയോടെ നടത്തിയ, ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ഈ സൈനിക തിരിച്ചടി. സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകാത്ത വിധത്തിലാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത് എന്നതിനാൽ 'മാന്യമായ തിരിച്ചടി" എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. വളരെ വിസ്‌തൃതിയിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാനുതകുന്ന ആയുധങ്ങൾ പോലുമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത് എന്നാണ് ആദ്യ റിപ്പോർട്ടുകളിൽ പറയുന്നത്.

ക്ളിനിക്കൽ കൃത്യതയോടെ ഇന്ത്യ നടത്തിയ ഈ ആക്രമണത്തിന്, ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളെയോ ആരാധനാലയങ്ങളെയോ സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യം വച്ച് പാകിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങിയാൽ അതിശക്തമായ യുദ്ധത്തിന് തയ്യാറായി തന്നെയാണ് ഇന്ത്യൻ സൈനിക വിഭാഗങ്ങൾ നിലകൊള്ളുന്നത്.

പഹൽഗാമിലെ നിഷ്‌ഠുരമായ കൊലപാതകങ്ങൾക്ക് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഇന്ത്യ തിരിച്ചടി നൽകിയിരിക്കുന്നത്. പഹൽഗാമിൽ ഭീകരർ ശ്രമിച്ചത് കാശ്‌മീരിൽ സമാധാനം തിരിച്ചെത്തിയെന്നതു മനസിലാക്കി, അതിനെ തകർക്കാനുള്ള ശ്രമമായിരുന്നെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ വിനോദസഞ്ചാരികൾക്കു നേരെയുള്ള ആക്രമണം ഇന്ത്യയ്ക്കു നേരെയുള്ള ആക്രമണം തന്നെയായിരുന്നു. ഇന്ത്യയിലെ സാമുദായിക സൗഹാർദ്ദം തകർക്കുക എന്നതും ഹിന്ദുക്കളെ മാത്രം തിരഞ്ഞുപിടിച്ച് വധിച്ചതിലൂടെ അവരുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

അതിർത്തി കടന്നുള്ള ഭീകരവാദം സ്‌പോൺസർ ചെയ്യുന്നത് പാകിസ്ഥാനാണ്. ഇന്ത്യ അത് അനുവദിക്കാൻ പോകുന്നില്ലെന്ന ശക്തമായ സന്ദേശമാണ് ഈ തിരിച്ചടിയിലൂടെ നൽകിയതെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. ഭീകരാക്രമണം നടന്ന് 14 ദിവസമായിട്ടും ഭീകരർക്കെതിരെ പാകിസ്ഥാൻ ഒരു നടപടിയും എടുക്കാത്തതിനാലാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചടി നൽകുന്നതിന്റെ രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കര, നാവിക, വ്യോമസേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ എവിടെ, എപ്പോൾ, എങ്ങനെ ആക്രമണം നടത്തണമെന്ന തീരുമാനം പ്രധാനമന്ത്രി സൈനിക മേധാവികൾക്ക് വിട്ടുനൽകുകയാണ് ചെയ്തത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് ഇന്ത്യൻ നീക്കങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. തിരിച്ചടിക്കുമെന്ന വിവരം അമേരിക്കയെ കൂടാതെ റഷ്യ, സൗദി, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളെയും ഇന്ത്യ അറിയിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിൽ 26 ഇന്ത്യക്കാരും ഒരു നേപ്പാൾ വംശജനുമാണ് ജീവൻ ബലിയർപ്പിക്കേണ്ടിവന്നത്. മലയാളിയും കൊച്ചി സ്വദേശിയുമായ എൻ. രാമചന്ദ്രനും അതിൽ ഉൾപ്പെടുന്നു. ഇന്ത്യ തിരിച്ചടിച്ചതിൽ ആശ്വാസവും അഭിമാനവും തോന്നുന്നുവെന്നാണ് രാമചന്ദന്റെ മകൾ ആരതി പ്രതികരിച്ചത്. പഹൽഗാമിൽ ആരതിയുടെ കൺമുന്നിലാണ് അച്ഛൻ ഭീകരരുടെ വെടിയേറ്റു മരിച്ചത്. ഇത് ഇന്ത്യയിലെ സ്‌ത്രീകൾ നൽകുന്ന തിരിച്ചടിയാണെന്ന ആരതിയുടെ വാക്കുകൾക്ക് അർത്ഥവ്യാപ്‌തി വളരെ കൂടുതലാണ്. 'ഓപ്പറേഷൻ സിന്ദൂർ" സംബന്ധിച്ച വിശദാംശങ്ങൾ ഇന്നലെ രാവിലെ ഔദ്യോഗികമായി മാദ്ധ്യമങ്ങളോട് പങ്കുവയ്ക്കാൻ നിയോഗിക്കപ്പെട്ടത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരായിരുന്നു എന്നതും ശ്രദ്ധേയമാണ്- വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും. സ്‌ത്രീകളുടെ രോഷാഗ്‌നിയിൽ കുലങ്ങളും വംശങ്ങളും സാമ്രാജ്യങ്ങളും മുടിഞ്ഞുപോയ ചരിത്രങ്ങൾ നമ്മുടെ പുരാണങ്ങളിൽ ഏറെയുണ്ട്. അത്തരമൊരു ഇരുട്ടു നിറഞ്ഞ ഭാവിയാണോ പാകിസ്ഥാനെ കാത്തിരിക്കുന്നതെന്നത് അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും. സോഷ്യൽ മീഡിയയിലെ കള്ളക്കഥകൾക്ക് ചെവികൊടുക്കാതെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിലകൊള്ളേണ്ട പ്രതിസന്ധിഘട്ടം കൂടിയാണിത്. എന്തായാലും വരും ദിനങ്ങൾ വളരെ നിർണായകമാണ്.

TAGS: INDIA, PAKISTHAN, WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.