ആസിഫ് അലി നായകനായി താമർ സംവിധാനം ചെയ്ത 'സർക്കീട്ട് " ഓർഹാൻ ഹൈദർ എന്ന കുഞ്ഞുതാരത്തെ ദുബായ് മഹാനഗരം കാണിച്ചു.സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത 750 കുട്ടികളിൽനിന്ന് ഓർഹാനെ തിരഞ്ഞെടുത്തു എന്നത് സിനിമാകഥയേക്കാൾ രസകരം. ആസിഫ് അലിയുടെ തോളിലേറി ചിരിച്ചുല്ലസിക്കുന്ന ഓർഹാന്റെ മുഖം സിനിമ റിലീസ് ചെയ്യും മുൻപേ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി. 'സർക്കീട്ട് " കണ്ടിറങ്ങുമ്പോൾ ഓർഹാൻ അവതരിപ്പിച്ച ' ജപ്പു" കൂടെ പോരുകയാണ്. 'സർക്കീട്ട് " വിശേഷങ്ങളുമായി ഓർഹാൻ ചേരുന്നു.
ഹൈപർ ആക്ടീവ്
എനിക്ക് ചുമ്മാ ഇരിക്കാൻ ഇഷ്ടമല്ല. ജപ്പുവിനെ പോലെ ഹൈപർ ആക്ടീവാ. ഞാൻ അല്ലെങ്കിലും കുഞ്ഞു പാർക്കൗറുമാണ്. 'കിഡീസ് സ്കൂപ്പ് "എന്ന ഇൻസ്റ്ര പേജ് നോക്കിയാൽ എന്റെ പാർക്കൗർ അഭ്യാസ വീഡിയോ കാണാൻ കഴിയും.2 മില്യൺ കാഴ്ചക്കാരുണ്ട് . 'സർക്കീട്ട് " എന്റെ അഞ്ചാമത്തെ സിനിമയാ. മറ്റേതിലൊക്കെ കുഞ്ഞു കുഞ്ഞു റോളായിരുന്നു. ക്യാമറയൊന്നും പേടിയില്ലായിരുന്നു. യൂ ട്യൂബ് ചാനലൊക്കെ ചെയ്യുന്നതുകൊണ്ട് ക്യാമറയൊക്കെ കണ്ടു കണ്ടു പേടി മാറി. മൊത്തം നാലു ഓഡിഷൻ ഉണ്ടായിരുന്നു. ദുബായിൽ ആദ്യമായാ പോകുന്നത്.
ബിഗ് ക്ളാപ്
ആദ്യ ടേക്കിൽ തന്നെ ബിഗ് ക്ലാപ് കിട്ടി. ആസിഫിക്കയെയും ദീപക് അങ്കിളിനേയും ( ദീപക് പറമ്പോൽ) ദിവ്യ ആന്റിയേയും ( ദിവ്യ പ്രഭ) എല്ലാം എനിക്ക് ആദ്യം പേടി ആയിരുന്നു. പിന്നെ എല്ലാവരും ഫ്രണ്ട്സായി.ഞാൻ ചിരിച്ചു നടന്നു. 40 ദിവസത്തെ ഷൂട്ടായിരുന്നു. ഞാൻ അഭിനയിച്ച് പെട്ടെന്ന് 38 ദിവസം കൊണ്ടു തീർത്തു കൊടുത്തു (ചിരി). അഭിനയം എനിക്കിഷ്ടമാ. ഇമോഷനും ചിരിക്കുന്നതും. കരയാൻ പറഞ്ഞാൽ പെട്ടെന്ന് കരയും. ഫ്ളൈറ്റിൽ ആദ്യമായാ കേറുന്നത്. ഞാൻ ശരിക്കും ഞെട്ടി. ലാന്റ് ചെയ്ത സമയത്ത് ചെവിക്ക് ഭയങ്കര വേദന വന്നു. ഉപ്പയും ഉമ്മയും ചേട്ടനും ഞാനും കൂടിയാ പോയത്. ഐഡന്റിറ്റി, വാഴ, ദാവീദ്, ഭ.ഭ.ബ എന്നീ സിനിമയിൽ ഞാനും ചേട്ടനും അഭിനയിച്ചു.സർക്കീട്ടിൽ അഭിനയിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ത്രൂ ഔട്ട് ക്യാരക്ടർ ചെയ്യുന്നതിന്റെ പേടി.
സൂപ്പർ കോമ്പോ
ആസിഫിക്ക നല്ല കൂട്ടാ. ഷൂട്ടിനു മുൻപ് കോമ്പോ നോക്കാൻ പോയപ്പോ ആസിഫിക്കയെ കണ്ടു. അന്നാ നേരിൽ കാണുന്നത്.ആസിഫിക്കയും ഞാനും സൂപ്പർ കോമ്പോയാ. ദുബായിലെ ഷവർമയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. മസാല ഇല്ലാത്ത ഷവർമ നല്ല ടേസ്റ്റാ. ദീപക് അങ്കിളിന്റെയും ദിവ്യ ആന്റിയുടെയും മകനായാ അഭിനയിച്ചത് . ഷൂട്ട് സമയത്ത് മാത്രമാ സിനിമേൽ കണ്ട പോലെ . അല്ലാത്തപ്പോ നല്ല കൂട്ടാ. ത്രൂ ഔട്ട് ക്യാരക്ടറായതിനാൽ ഓഡിഷന് കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. 'ഇൻ "ആയിയെന്ന് താമറിക്ക വിളിച്ചു പറഞ്ഞു.പിള്ളേരുടെയായതിനാൽ ഒറ്റ ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടി. ഉമ്മയും ചേട്ടനും ഞാനും ആദ്യമായാ ഫ്ലൈറ്റിൽ കേറുന്നത്. യു.എ.ഇയിൽ 50 ദിവസം അടിച്ചു പൊളിച്ചു.
50 ഡെയ്സ് ആബ്സെന്റ്
സ്കൂളിൽ അൻപത് ദിവസം പോയില്ല. വന്നിട്ട് പരീക്ഷ എഴുതി. ഉമ്മയും ചേട്ടനും ഞാനും കൂടി റീൽ ചെയ്യാറുണ്ട്. ആസിഫിക്കാനെ റീൽ കാണിച്ചു കൊടുത്തു. ദിവ്യ ആന്റി ഞങ്ങടെ റീൽ കണ്ടിട്ടുണ്ടെന്ന് എപ്പോഴും പറയാറുണ്ട്. 'എന്റെ അമ്മ സൂപ്പറാ " റിയാലിറ്റി ഷോയിൽ വിന്നറാണ് ഉമ്മ. സർക്കീട്ടിൽ ഉമ്മ അഭിനയിച്ചു. എന്നാൽ ചേട്ടൻ അഭിനയിച്ചില്ല.താമറിക്ക പറഞ്ഞു തന്നതു അതേപോലെ ചെയ്തു. ചില ഡയലോഗ് ബുദ്ധിമുട്ടായി. എന്റെ സ്ലാങിൽ പറയാൻ പറഞ്ഞു.
ഇതാ ഹെയർ
എന്റെ മുടി ഇങ്ങനെ തന്നെയാ. നീളമുള്ള മുടി . 'ഐഡന്റിറ്റി"യിൽ കണ്ടിന്യൂറ്റി വന്നതിനാൽ മുടി കട്ട് ചെയ്യാതെയിരുന്നു.ഒരു സിനിമ കഴിയുമ്പോ അടുത്തത് വരും.അങ്ങനെ മുടി ഇങ്ങനെയായി. 'ഐഡന്റിറ്റി"യിൽ ആണ് ആദ്യം അഭിനയിച്ചത്. ആദ്യം റിലീസായത് 'വാഴ". സിനിമേൽ അഭിനയിച്ചതെല്ലാം കാസ്റ്റിംഗ് കാളിലാ .
പത്തനംതിട്ട കോട്ടാങ്കൽ ആണ് ഓർഹാന്റെ നാട്. വെണ്ണിക്കുളം ബഥനി ഇംഗ്ളീഷ് മീഡിയം സ്കൂളിൽ മൂന്നാം ക്ളാസിൽ പഠിക്കുന്നു. ഉപ്പ ഷമിം ഷാജഹാൻ. മെഡിക്കൽ റെപ്രസെന്റിറ്റീവ്. ഉമ്മ നിസ. ഫാർമസിസ്റ്റ്. ചേട്ടൻ ഇഷാൻ ബിൻ ഷമിം.എഴാം ക്ളാസ് വിദ്യാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |