പത്തനംതിട്ട: ജില്ലയിൽ എസ്. എസ്. എൽ.സി പരീക്ഷയ്ക്ക് 99.48ശതമാനം വിജയം. പരീക്ഷ എഴുതിയ 9923 വിദ്യാർത്ഥികളിൽ 9871 പേർ ഉപരിപഠനത്തിന് അർഹത നേടി. 5113 ആൺകുട്ടികളും 4810 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5081 ആൺകുട്ടികളും 4790 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായി.
വിജയശതമാനത്തിൽ ജില്ല ഒമ്പതാമതാണ്. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞതവണ 99.7 ശതമാനം വിജയം ജില്ലയ്ക്കുണ്ടായി. 2023ൽ 99.81 ശതമാനമായിരുന്നു വിജയം. ഒമ്പതാം സ്ഥാനമാണ് സംസ്ഥാനത്തു പത്തനംതിട്ടയ്ക്കുണ്ടായിരുന്നത്. 2020 വരെ പത്തനംതിട്ട ജില്ല വിജയശതമാനത്തിൽ പലപ്പോഴായി ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. 2019ലും 2020ലും തുടർച്ചയായി ഒന്നാംസ്ഥാനം പത്തനംതിട്ടയ്ക്കുണ്ടായിരുന്നു.
തിരുവല്ല 99.41% , പത്തനംതിട്ട 99.51%
തിരുവല്ല വിദ്യാഭ്യാസ ജില്ല ഇക്കുറി 99.41 ശതമാനം വിജയം നേടിയപ്പോൾ പത്തനംതിട്ടയ്ക്ക് 99.51 ശതമാനം വിജയമാണുള്ളത്. തിരുവല്ലയിൽ 3583 കുട്ടികൾ പരീക്ഷ എഴുതിയതിൽ3562 പേർ ഉപരിപഠന യോഗ്യത നേടി.1860 ആൺകുട്ടികളും 1702 പെൺകുട്ടികളുമാണ് വിജയിച്ചത്. തിരുവല്ലയിൽ 14 ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമാണ് പരാജയപ്പെട്ടത്. പത്തനംതിട്ടയിൽ 6340 കുട്ടികൾ പരീക്ഷ എഴുതിയതിൽ 6309 പേർ ഉപരിപഠന യോഗ്യത നേടി. ഇതിൽ3221 ആൺകുട്ടികളും 3088 പെൺകുട്ടികളും ഉൾപ്പെടുന്നു. പത്തനംതിട്ടയിൽ 18 ആൺകുട്ടികളും 13 പെൺകുട്ടികളും പരാജയപ്പെട്ടു.
1462 ഫുൾ എ പ്ലസുകാർ
506 ആൺകുട്ടികളും 956 പെൺകുട്ടികളും ഉൾപ്പടെ 1462 പേർക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. ഇവരിൽ 506 ആൺകുട്ടികളും 956 പെൺകുട്ടികളുമാണുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 133 ആൺകുട്ടികൾക്കും 258 പെൺകുട്ടികൾക്കുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 373 ആൺകുട്ടികൾക്കും 698 പെൺകുട്ടികൾക്കും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എ പ്ലസുകാരുടെ എണ്ണം കുറഞ്ഞു. 2024ൽ 1716 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ടായിരുന്നു. 591 ആൺകുട്ടികൾക്കും 1125 പെൺകുട്ടികൾക്കും കഴിഞ്ഞവർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |