കണ്ണൂർ: ഏപ്രിലിനേയും മേയിനേയും അപേക്ഷിച്ച് ജില്ലയിൽ ഏറ്റവും കൂടിയ ചൂട് റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിൽ. സംസ്ഥാനത്തെയും ഉയർന്ന ചൂടും ഇത് തന്നെ. കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 40.4 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില.
മുൻ വർഷങ്ങളിൽ ഏപ്രിൽ മേയ് മാസങ്ങളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്താറ്. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഉയർന്ന ചൂട്. എന്നാൽ ഈ വർഷം ഫെബ്രുവരിയിലെത്തിയെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്. മേയിൽ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതൽ താപനില ഉയരാൻ സാദ്ധ്യതയില്ലെന്നുമാണ് ഇവരുടെ അഭിപ്രായം. ഇടവിട്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച സമൃദ്ധമായ വേനൽ മഴ കാരണം വരും ദിവസങ്ങളിൽ ചൂട് അമിതമായി ഉയരാനുള്ള സാദ്ധ്യതയും കുറവാണ് എന്ന അനുമാനത്തിലാണ് അധികൃതർ.
വേനൽ മഴയും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായാണ് ഈ വർഷം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷം 107.4 മില്ലി ലിറ്ററാണ് ലഭിച്ച മഴ.എന്നാൽ ഈ വർഷം അത് 192.1 മില്ലി ലിറ്ററാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ താപ നില കണക്കിൽ കുറവായിരുന്നെങ്കിലും ചില ദിവസങ്ങളിൽ ഈർപ്പം കലർന്ന കാലാവസ്ഥയായതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടുന്ന പോലെ തോന്നിച്ചിരുന്നെന്നും അധികൃതർ പറയുന്നു. രാജ്യത്തെ മറ്റ് പ്രധാന നിലയങ്ങളിലും ഫെബ്രുവരിയിൽ തന്നെയാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയിരുന്നത്.
ഫെബ്രുവരിയിലെ താപനിലയെക്കാൾ 1.5 ഡിഗ്രി സെഷ്യസ് കുറവായിരുന്നു ഏപ്രിലിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂട്. ഏപ്രിൽ അവസാനിക്കുമ്പോൾ രേഖപ്പെടുത്തിയ ഉയർന്ന ചൂട് 38.9 ആയിരുന്നു. മാർച്ചിൽ അത് 39 ആയിരുന്നു. ഈ മാസത്തെ ഉയർന്ന ചൂട് ഇതുവരെ രേഖപ്പെടുത്തിയിട്ടുമില്ല.
കാലവർഷം 27 ഓടെ എത്തും
ഈ മാസം 27 ഓടെ കാലവർഷം തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുൻ വർഷത്തേക്കാൾ അഞ്ച് ദിവസം മുന്നേയാണ് ഈ വർഷം കാല വർഷം എത്താൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |