തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്കർ പൊളിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോർട്ട് പൊലീസ് അറിയിച്ചു. ക്ഷേത്രഭരണസമിതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മോഷണം പോയത്.
ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിർത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകൽ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ നിർമ്മാണാവശ്യത്തിനുള്ള സ്വർണം സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വർണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് പറഞ്ഞു.
ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നിൽ ശിരസ്, ഉടൽ,പാദം എന്നിവ തൊഴാൻ മൂന്നു വാതിലുകളാണുള്ളത്. ഇവയിൽ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയസ്വർണത്തകിട് മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചത്തെ ജോലിക്കു ശേഷം സ്വർണം തൂക്കി മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജോലി തുടരാനായി പുറത്തെടുത്ത സ്വർണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സ്വർണത്തകിട് വിളക്കിച്ചേർക്കാനുള്ള കാഡ്മിയം ചേർന്നതാണ് കാണാതായ സ്വർണദണ്ഡ്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിലാണ് വാതിലിന്റെ ജോലികൾ നടത്തിയിരുന്നത്. ജോലി നടക്കുന്ന സ്ഥലമുൾപ്പെടെ ക്ഷേത്രപരിസരം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |