കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇന്ന് ഇക്കരെ കൊട്ടിയൂരിൽ നടക്കും. കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നും അവിൽ എഴുന്നള്ളിച്ച് ഇക്കരെ ക്ഷേത്രത്തിൽ എത്തിക്കും. മാലൂർപടി ക്ഷേത്രത്തിൽ നിന്നും നെയ്യും എഴുന്നള്ളിച്ചെത്തിക്കും. തുടർന്ന് ഇക്കരെ ക്ഷേത്രത്തിലെ കുത്തോട് മണ്ഡപത്തിൽ ചേരുന്ന അടിയന്തിര യോഗത്തിന് ശേഷം തണ്ണീർകുടി ചടങ്ങ് നടക്കും. സ്ഥാനികരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മശാരി, പെരുവണ്ണാൻ തുടങ്ങിയവരാണ് തണ്ണീർകുടി ചടങ്ങ് നടത്തുക. തണ്ണീർകുടി ചടങ്ങിന് ശേഷം അവിൽ അളവും നെല്ലളവും നടക്കും. അർദ്ധരാത്രിയിൽ ആയില്ലാർ കാവിൽ ജന്മശാന്തി പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗൂഢപൂജയും വിശിഷ്ടമായ അപ്പട നിവേദ്യവും ഉണ്ടാകും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീർക്കാരും മഠങ്ങളിൽ കഠിനവ്രതം ആചരിക്കാൻ തുടങ്ങും.
അവിൽ നരഹരിപറമ്പിൽ നിന്ന്
പേരാവൂർ: പ്രക്കൂഴം നാളിൽ കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കുന്ന അവിൽ അളവിനുള്ള അവിൽ കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ തയാറായി. തുടർച്ചയായി ഇത് ഇരുപത്തിയെട്ടാമത്തെ വർഷമാണ് കൊട്ടിയൂരിലേക്ക് അവൽ എഴുന്നള്ളിക്കുന്നത്. 10 ദിവസം വ്രതം നോറ്റ് പതിനൊന്നോളം അമ്മമാരാണ് മൂന്ന് ദിവസത്തെ അദ്ധ്വാനത്തിലൂടെ അവിൽ ഉണ്ടാക്കിയത്. പുഴുങ്ങിയെടുത്ത നെല്ല് വറുത്ത് പരമ്പരാഗത രീതിയിൽ ഇടിച്ചെടുത്താണ് ഭഗവാന് നേദിക്കാനായി കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത്. 46 സേറ് നെല്ല് കുത്തിയെടുത്ത് അതിൽ നിന്നും 23 സേറ് അവിലാണ് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുക.
ഇന്നലെ വൈകന്നേരം 4 മണിയോടെ അളന്നെടുന്ന അവിലുമായി ഓംകാരം മുഴക്കി സ്ഥാനികർ കാൽനടയായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. എം. പ്രഭാകരൻ, എം. ബാലകൃഷ്ണൻ, കെ. രാമകൃഷ്ണൻ, ജിനിത്ത്, കെ. ശ്രീധരൻ, ശ്രീജിത്ത്, രമണൻ, വിവേക്, അക്ഷയ്, സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അവൽ എഴുന്നള്ളിക്കുന്നത്.
ക്ഷേത്രം പ്രസിഡന്റ് എം. ബാലകൃഷ്ണൻ, സെക്രട്ടറി പി.കെ. ശ്രീജിത്ത് വൈസ് പ്രസിഡന്റ് എം. പ്രഭാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാതൃസമിതി പ്രസിഡന്റ് മാലതി, സെക്രട്ടറി എം. സാവിത്രി, സരസ്വതി, വിനോദിനി, രേണുക, രാധ, ഓമന, ധനലക്ഷ്മി, വനജ, ചന്ദ്രിക, പത്മിനി, ഉഷ, പ്രീത, ശാരദ തുടങ്ങിയവരാണ് പരമ്പാരഗത രീതിയിൽ അവിൽ ഉണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |