തിരുവനന്തപുരം: ആവേശാതിരേകത്തോടെ ഇന്ദിരാ ഭവനിലേക്ക് ഒഴുകിയെത്തിയ പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കി കെ.പി.സി.സി യുടെ പുതിയ നേതൃനിര ഇന്നലെ ചുമതലയേറ്റു. ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടാം നിലയിലുള്ള രാജീവ്ഗാന്ധി ആഡിറ്റോറിയത്തിൽ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയായി. സ്ഥാനമൊഴിയുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനിൽ നിന്ന് ഉറ്റ അനുയായി അഡ്വ.സണ്ണിജോസഫ് എം.എൽ.എ കടിഞ്ഞാൺ ഏറ്റെടുത്തപ്പോൾ സദസ് കരഘോഷം മുഴക്കി.
യു.ഡി.എഫ് കൺവീനറായി അടൂർപ്രകാശ് എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി.അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും ചുമതലയേറ്റു. മുതിർന്ന നേതാവ് എ.കെ.ആന്റണിയെ വഴുതക്കാട് ഈശ്വരവിലാസം റോഡിലുള്ള വസതിയിലെത്തി കണ്ട ശേഷമാണ് പുതിയ ടീം ഇന്ദിരഭവനിലേക്ക് വന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും തലസ്ഥാന ജില്ലയിലെ പ്രവർത്തകരുമെല്ലാം രാവിലെ തന്നെ എത്തിച്ചേർന്നു. ഏറെക്കാലത്തിന് ശേഷമാണ് ഇന്ദിരാഭവൻ പ്രവർത്തക ബാഹുല്യത്താൽ ഇത്രയും സജീവമായത്. നേതാക്കൾ എത്തിയപ്പോൾ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ സ്വീകരിച്ചു. വനിതാ പ്രവർത്തകർ വർണ്ണ ബലൂണുകൾ പറത്തി നേതാക്കൾക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.
പുതിയ കെ.പി.സി.സി അദ്ധ്യക്ഷന് സർവ്വവിധ പിന്തുണയും , സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചു. സണ്ണിജോസഫ് തനിക്ക് സഹോദരനെപ്പോലെയാണ്. തന്റെ കൈ പിടിച്ച് തനിക്ക് പിന്തുണ തന്ന സണ്ണി, ഈ പദവിയിൽ എത്തുന്നത് അഭിമാനകരമാണ്. മികച്ച ഒരു ടീമിനെ നൽകിയിട്ടുണ്ട്. യുദ്ധസമാനമായ ഒരു ടീമായി ഇവർ മാറണം. അതിന് എല്ലാ സമയത്തും താൻ കൂടെയുണ്ടാവുമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് കെ.പി.സി.സി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതെന്ന് സണ്ണിജോസഫ് പറഞ്ഞു. കൂട്ടായ്മയാണ് വലിയ കരുത്ത് . പ്രഖ്യാപിച്ച നേതൃനിര പൂർണ്ണമല്ലെന്നും ഇനിയും പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, മുൻ കെ.പി.സി അദ്ധ്യക്ഷന്മാരായ കെ.മുരളീധരൻ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി നേതാക്കളുടെ വൻ നിരയാണ് ചടങ്ങിൽ പങ്കെടുത്തത്.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു സ്വാഗതം പറഞ്ഞു.സമ്മേളനത്തിന് ശേഷം സണ്ണി ജോസഫിനെ കെ,സുധാകരനും വി.ഡി.സതീശനും ഷാൾ അണിയിച്ച് അനുമോദിച്ചാണ് പ്രസിഡന്റിന്റെ കസേരയിലേക്ക് അനയിച്ചിരുത്തിയത്. സുധാകരൻ സണ്ണി ജോസഫിന്റെ തലയിൽ കൈവച്ച് ആശീർദിച്ചു. സുധാകരൻ എല്ലാവർക്കും മധുരവും പങ്കു വച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |