ഇന്ത്യൻ ക്രിക്കറ്റിലെ വന്മരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ലോകകപ്പ് വിജയത്തിനു ശേഷം ട്വന്റി-20 ഫോർമാറ്റിൽ നിന്ന് പടിയിറങ്ങിയ ഇവർ ഇനി ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യൻ കുപ്പായത്തിലുണ്ടാവുക. ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ ടെൻഡുൽക്കർക്കു ശേഷം ലഭിച്ച വരദാനങ്ങളാണ് വിരാടും രോഹിതും. കളിക്കാരായി മാത്രമായല്ല നായകരായും വ്യക്തിമുദ്ര പതിപ്പിച്ചശേഷമാണ് ഇവർ ഭാവിതലമുറയ്ക്ക് വഴിമാറിക്കൊടുക്കുന്നത്. ആദ്യം വിരമിക്കൽ പ്രഖ്യാപിച്ചത് രോഹിതാണ്. ഇംഗ്ളണ്ട് പര്യടനത്തിൽ തന്നെ ക്യാപ്‌ടനാക്കില്ലെന്ന് സെലക്ടർമാരിൽ നിന്ന് അറിഞ്ഞപ്പോഴേ രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചു. വിരാട് രണ്ടാഴ്ച മുന്നേ വിരമിക്കുകയാണെന്ന് സെലക്ടർമാരെ അറിയിച്ചിരുന്നു. ജൂണിലെ ഇംഗ്ളണ്ട് പര്യടനം കഴിഞ്ഞുമതിയെന്ന സെലക്ടർമാരുടെ നിർദ്ദേശം തള്ളി, കഴിഞ്ഞദിവസം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
2011-ൽ കിംഗ്സ്ടണിൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച വിരാട് 14 വർഷത്തെ ടെസ്റ്റ് കരിയറിനാണ് വിരാമമിട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നൽകിയ നായകനാണ്. നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിലും വിജയം നേടി. ഈവർഷം ജനുവരിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ സിഡ്നിയിലാണ് അവസാനടെസ്റ്റ് കളിച്ചത്. ഏഴ് ഇരട്ട സെഞ്ച്വറികളടക്കം 30 സെഞ്ച്വറികൾ ടെസ്റ്റിൽ നേടിയിട്ടുണ്ട്. 770 റൺസ് കൂടി മതിയായിരുന്നു വിരാട് കൊഹ്‌ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ല് താണ്ടാൻ. എന്നാൽ 36-കാരനായ താരം ഇതാണ് വഴിയൊഴിഞ്ഞുകൊടുക്കാനുള്ള ശരിയായ സമയം എന്ന് തീരുമാനിക്കുകയായിരുന്നു. സച്ചിൻ പടിയിറങ്ങുമ്പോൾ തന്റെ പിൻഗാമിയായി ചൂണ്ടിക്കാട്ടിയത് വിരാടിനെയായിരുന്നു. ആ പ്രതീക്ഷകൾക്ക് ചിറകു നൽകിയ വിരാട് ഒരു ഓസ്ട്രേലിയൻ പര്യടനത്തിന്റെ പാതിവഴിയിൽ ധോണി നായകസ്ഥാനം ഒഴിഞ്ഞപ്പോൾ ധൈര്യപൂർവം അതേറ്റെടുത്തു. പിന്നീട് മോശം ഫോമിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ ഉയർന്നുതുടങ്ങിയപ്പോൾ ഒരു ഫോർമാറ്റിലെയും നായകനാകാനില്ലെന്ന തീരുമാനവുമെടുത്തു.
സച്ചിന്റെ പ്രതിഭയുടെയും സൗരവിന്റെ നായകശേഷിയുടെയും മിശ്രണമായിരുന്നു വിരാടിലെ ക്രിക്കറ്റർ. വിരമിക്കുംവരെ ഇന്ത്യൻ ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരവുമായിരുന്നു. രോഹിതിന്റെയും വിരാടിന്റെയും വിരമിക്കലുകൾ പെട്ടെന്നായിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമെന്ന് പറയാനാവില്ല. കഴിഞ്ഞവർഷം ന്യൂസിലാൻഡിനെതിരെ ഇന്ത്യയിൽ നടന്ന മൂന്ന് ടെസ്റ്റുകളിൽ തുടർച്ചയായി തോറ്റപ്പോൾ സീനിയേഴ്സിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. പിന്നാലെ ഓസ്ട്രേലിയൻ പര്യടനത്തിലെ പരാജയം കൂടിയായതോടെ അശ്വിൻ പടിയിറങ്ങി.
ജൂണിലെ ഇംഗ്ളണ്ട് പര്യടനത്തോടെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ തുടങ്ങുകയാണ്. രോഹിതും വിരാടുമില്ലാത്ത ഇന്ത്യൻ ടീമിന്റെ യാത്ര ആരംഭിക്കുന്നു. രോഹിത് വിരമിച്ചതിനാൽ പുതിയ നായകനെ തിരഞ്ഞെടുക്കണം. ഇംഗ്ളണ്ടിലും ടെസ്റ്റ് ഫോർമാറ്റിലും പരിചയമുള്ള സീനിയേഴ്സിന്റെ അഭാവമാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. യുവതാരങ്ങൾ അണിനിരക്കുന്ന ഒരു പുതിയ ഇന്ത്യൻ ടീമിനെ വാർത്തെടുക്കാൻ സെലക്ടർമാർക്കുള്ള അവസരമായും ഇതിനെ കാണാം. ഇന്ത്യൻ ടീമിലേക്ക് ഇടം കാത്തിരിക്കുന്ന സർഫ്രാസ് ഖാൻ, കരുൺ നായർ, യഷ് റാത്തോഡ്, ശുഭം ശർമ്മ, തന്മയ് അഗർവാൾ, ഡാനിഷ് മലേവാർ,സഞ്ജു സാംസൺ തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനക്കാർക്ക് അവസരം നൽകാനാകും. വിടവാങ്ങൽ മത്സരത്തിന് കാത്തുനിൽക്കാതെയാണ് വിരാടും രോഹിതും വിരമിച്ചത്. സച്ചിനുശേഷം സംതൃപ്തിയോടെ വിരമിക്കൽ മത്സരം കളിച്ച് പടിയിറങ്ങാൻ ആർക്കൊക്കെ കഴിഞ്ഞിട്ടുണ്ടെന്ന് ബി.സി.സി.ഐ ഭാരവാഹികൾക്ക് ചിന്തിച്ചുനോക്കാവുന്നതാണ്. കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രതിഭകളായി മാറിയവർക്കുപോലും അത്തരത്തിലൊരു യാത്രഅയപ്പ് നൽകാനാകാത്തത് ശുഭകരമല്ല. ഏകദിനങ്ങളിലും ഐ.പി.എല്ലിലുമൊക്കെയായി ഇനിയും നമുക്ക് ഇരുവരെയും കൊതിതീരും വരെ ആസ്വദിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |