SignIn
Kerala Kaumudi Online
Saturday, 21 June 2025 9.42 AM IST

കോൺഗ്രസിൽ ഇനി 'സണ്ണി ഡെയ്സ്' ?

Increase Font Size Decrease Font Size Print Page
sunny-joseph

കഴിഞ്ഞ 9 വർഷമായി കേരളത്തിൽ ഭരണത്തിൽ നിന്ന് പുറത്തു നിൽക്കുന്ന കോൺഗ്രസിനും യു.ഡി.എഫിനും ഭരണത്തിലേക്കുള്ള വഴി തുറക്കുന്നതിന് സഹായകമാകുമോ പാർട്ടിയിലെ പുന:സംഘടന? കെ. സുധാകരനെന്ന വൻ വൃക്ഷത്തെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി പകരം സണ്ണി ജോസഫ് എം.എൽ.എ യെ പ്രസിഡന്റാക്കിയതോടെ പാർട്ടി ഒറ്റക്കെട്ടായി ഇനി മുന്നോട്ട് പോകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്ന ചോദ്യങ്ങളാണിതൊക്കെ. കോൺഗ്രസിലെ നേതൃമാറ്റത്തിനു പിന്നാലെ പൊട്ടലും ചീറ്റലും പരസ്യമായ വിഴുപ്പലക്കുമൊക്കെയായിരുന്നു കഴിഞ്ഞ കാലങ്ങളിലെ പതിവ് കലാപരിപാടികളെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇക്കുറി ഉണ്ടായില്ലെന്നത് ആശ്വാസകരമാണ്. എന്നാൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും സംബന്ധിച്ച് ഇനിയുള്ള ദിനങ്ങൾ തീർത്തും പരീക്ഷണത്തിന്റേതൊണെന്നതിൽ ആർക്കുമില്ല സംശയം. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനവും പിന്നാലെ അടുത്തവർഷം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന മഹാദൗത്യവുമാണ് പുതിയ നേതൃത്വത്തിനുള്ളത്. തിങ്കളാഴ്ച ഇന്ദിര ഭവനിൽ എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രമുഖരായ പലരുടെയും അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ തികച്ചും സമാധാനപരമായ നേതൃമാറ്റമാണ് നടന്നതെന്ന് കെ.സി വേണുഗോപാൽ അവകാശപ്പെട്ടെങ്കിലും കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി ഇതിനെ വിശേഷിപ്പിക്കുന്നവർ കോൺഗ്രസിനുള്ളിൽ തന്നെയുണ്ട്. ഇന്ത്യ- പാക് സംഘർഷം അതിന്റെ പാരമ്യത്തിലെത്തി യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെയാണ് അപ്രതീക്ഷിതമായി നേതൃമാറ്റം പ്രഖ്യാപിച്ചതെന്നതിനാൽ ഇതുസംബന്ധിച്ച മാദ്ധ്യമ വിശകലനങ്ങൾക്കും ചർച്ചകൾക്കും അവസരമുണ്ടായില്ല. എ.ഐ.സി.സി നേതൃത്വം ലക്ഷ്യമിട്ടതും ഇതുതന്നെയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രസിഡന്റ് സ്ഥാനം സംവരണം

കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം ഒരു വിഭാഗത്തിനായി സംവരണം ചെയ്തുവെന്ന ആരോപണം വരും നാളുകളിൽ കൂടുതൽ ചർച്ചകൾക്കും പടലപിണക്കങ്ങൾക്കും വഴിവച്ചേക്കുമെന്ന സൂചന ഇപ്പോഴേ ഉയർന്നുകഴിഞ്ഞു. കെ. സുധാകരനെ മാറ്റി പകരം സണ്ണി ജോസഫിനെ പ്രസിഡന്റാക്കുന്നതിനെതിരെ ആദ്യമായി പരസ്യ വെടിപൊട്ടിച്ചത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. സുധാകരന്റെ സ്ഥാനത്തേക്ക് ആന്റോ ആന്റണി എം.പിയെ കൊണ്ടുവരാനായി കോൺഗ്രസിൽ തിരക്കിട്ട നീക്കങ്ങൾ നടന്നപ്പോൾ തന്നെ വെള്ളാപ്പള്ളി നടേശൻ ആന്റോ ആന്റണിക്കെതിരെ ശക്തമായ കടന്നാക്രമണവുമായി രംഗത്തെത്തിയിരുന്നു. സുധാകരനെപ്പോലെ കരുത്തുറ്റ നേതാവിനെ മാറ്റി താരതമ്യേന ആരും അറിയാത്ത ആന്റോ ആന്റണിയെ പ്രതിഷ്ഠിക്കാനുള്ള നീക്കം കോൺഗ്രസിന്റെ അന്ത്യം കുറിക്കുമെന്നായിരുന്നു വെള്ളാപ്പള്ളി തുറന്നടിച്ചത്. വെള്ളാപ്പള്ളിയുടെ ആരോപണം കോൺഗ്രസ് അവഗണിച്ചതായി പ്രത്യക്ഷത്തിൽ തോന്നിയെങ്കിലും ആന്റോ ആന്റണിയെ മാറ്റി സണ്ണി ജോസഫിനെ കൊണ്ടുവന്നതിനു പിന്നിൽ പ്രേരക ശക്തിയായത് വെള്ളാപ്പള്ളിയുടെ തുറന്നടിച്ചുള്ള പ്രസ്താവനയായിരുന്നുവെന്നുറപ്പ്. കഴിഞ്ഞ കുറെക്കാലമായി കേരളത്തിലെ പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഈഴവ സമുദായത്തിനാണ് നൽകി വന്നത്. കെ.സുധാകരനെപ്പോലെ പ്രബലനായൊരു നേതാവിനെ മാറ്റി പകരം ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ ആവശ്യ പ്രകാരം ക്രൈസ്തവനായ ഒരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചതെന്ന് വേണം കരുതാൻ. സുധാകരൻ കരുത്തനും പ്രഗത്ഭനും മിടുക്കനുമായ പ്രസിഡന്റായിരുന്നു. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുമോ എന്നും ഇത്തരം നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഊളമ്പാറയിൽ കൊണ്ടുപോകണമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയതിനെതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമർശനമാണുന്നയിച്ചത്. പ്രസിഡന്റാക്കുമെന്ന് കരുതിയിരുന്ന അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറെന്ന അപ്രധാന സ്ഥാനത്തേക്ക് മാറ്റിയതിനെയും വെള്ളാപ്പള്ളി വിമർശിച്ചു.

സി.പി.എമ്മിന്

ആശ്വസിക്കാൻ വകയേറെ

സി.പി.എമ്മിന്റെ രണ്ട് നോട്ടപ്പുള്ളികളായിരുന്നു കെ. സുധാകരനും മാത്യു കുഴൽനാടൻ എം.എൽ.എ യും. പുന:സംഘടനയിൽ സുധാകരനെ പടിയിറക്കിയെങ്കിൽ കുഴൽനാടനെ പടികയറ്റിയതുമില്ല. കണ്ണൂരിൽ സി.പി.എമ്മിന്റെ പോർവിളി രാഷ്ട്രീയത്തിനു നേരെ നെഞ്ചുവിരിച്ചു നേരിടുകയും പാർട്ടിയെ ധീരമായി നയിക്കുകയും ചെയ്ത നേതാവാണ് കെ. സുധാകരൻ. കോൺഗ്രസിൽ ഇത്തരത്തിൽ ആർജ്ജവമുള്ള മറ്റൊരു നേതാവില്ലെന്നതാണ് വാസ്തവം. ചാനലുകൾക്ക് മുന്നിലും നിയമസഭയിലും വാചാടോപം നടത്തുന്നവർക്ക് കണ്ണൂരിലെ കെ. സുധാകരന്റെ പോരാട്ടവീര്യത്തിന്റെ പകിട്ടറിഞ്ഞവരല്ല. ഒരു കാലത്ത് പ്രബലമായിരുന്ന എ, ഐ ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കി സംഘടനാ തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് പദവിയിലെത്തിയ സുധാകരൻ നേരിട്ട വധഭീഷണികളും ബോംബാക്രമണങ്ങളും ഒന്നും കണ്ണൂരുകാരനായ കെ.സി. വേണുഗോപാലിനും പ്രതിപക്ഷ നേതാവായ വി.ഡി. സതീശനും പരിചയമുണ്ടാകില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ സുധാകരനെ താഴെയിറക്കാൻ പണിയെടുത്ത പാർട്ടിയിലെ ഉന്നതന്മാരുടെ ലക്ഷ്യവും അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദം ഉന്നയിക്കരുതെന്ന ഗൂഢോദ്ദേശ്യമല്ലാതെ മറ്റൊന്നുമല്ലെന്നത് സുധാകരനും അറിയാമെന്നാണ് കരുതുന്നത്. ഇത് മനസിലാക്കിത്തന്നെയായിരുന്നു വെള്ളാപ്പള്ളിയുടെ പരസ്യ വിമർശനം. പിണറായി വിജയനും മകൾക്കുമെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ മാത്യു കുഴൽനാടനെന്ന യുവ നേതാവിന്റെ തേരോട്ടത്തിന്റെ ചെറിയൊരംശം പോലും പുറത്തെടുക്കാത്ത പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും പുതിയ വർക്കിംഗ് പ്രസിഡന്റുമാരായപ്പോൾ മാത്യുവിനെ ഒരു സ്ഥാനത്തേക്കും പരിഗണിച്ചതേയില്ല. വടകരയിൽ കെ.കെ ശൈലജയെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് പാർലമെന്റിലെത്തിയെന്നതാണ് ഷാഫിയെ ഹീറോ പരിവേഷത്തിലെത്തിച്ചത്. കോൺഗ്രസിന് ഒട്ടും ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെടാൻ വിധിച്ച നേതാവായ എം. ലിജുവിനും പുന:സംഘടനയിൽ ഒന്നും ലഭിച്ചില്ല. കെ.പി.സി പ്രസിഡന്റ് കഴിഞ്ഞാൽ തൊട്ടു താഴെയുള്ള സംഘടനാ ജനറൽ സെക്രട്ടറി എന്ന പദവിയാണ് ലിജുവിന്റേതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. കഴിഞ്ഞ തവണ രാജ്യസഭാ സീറ്റിന് പരിഗണിച്ചെങ്കിലും സ്യൂട്ട് കേസുകളോ ഗോഡ്ഫാദറോ ഇല്ലാത്തതിനാൽ മാത്രം തഴയപ്പെട്ട നേതാവാണ് ലിജു. സാക്ഷാൽ കെ. മുരളീധരനായിരുന്നു ലിജുവിനെ വെട്ടാൻ അന്ന് മുന്നിൽ നിന്നത്. ഇപ്പോൾ പ്രായാധിക്യവും ആരോഗ്യകാരണങ്ങളും പറഞ്ഞ് തന്നെ വെട്ടാൻ മുന്നിൽ നിന്നത് വി.ഡി സതീശനാണെന്നാണ് സുധാകരൻ ഉറച്ചു വിശ്വസിക്കുന്നത്. കഴിഞ്ഞ കാലയളവിൽ ഇരുവരും പരസ്യമായി ഏറ്റുമുട്ടിയ നിരവധി സംഭവങ്ങളുണ്ടായിരുന്നു.

സണ്ണി ജോസഫ്

സുധാകരന്റെ വിശ്വസ്ഥൻ

കണ്ണൂർ പേരാവൂരിൽ നിന്നുള്ള എം.എൽ.എ ആയ സണ്ണി ജോസഫ് കെ.സുധാകരന്റെ ഏറ്റവും അടുപ്പക്കാരനും സൗമ്യനും സുസ്മേരവദനനുമാണ്. കെ.സുധാകരനെ മാറ്റി പകരം ആന്റോ ആന്റണിയെ കൊണ്ടുവരാനുള്ള ഹൈക്കമാന്റ് നീക്കത്തിന് തടയിട്ടത് കെ.സുധാകരനാണ്. സ്ഥാനമൊഴിയാനുള്ള നിബന്ധനയെന്ന നിലയിൽ വിശ്വസ്ഥനായ സണ്ണി ജോസഫിനെ തന്റെ പിൻഗാമിയാക്കണമെന്ന സുധാകരന്റെ ആവശ്യത്തിന് കേന്ദ്ര നേതൃത്വം വഴങ്ങിയെന്നാണ് കരുതുന്നത്. 2004 ൽ പി.പി തങ്കച്ചൻ കെ.പി.സി.സി അദ്ധ്യക്ഷനായ ശേഷം ഇതാദ്യമായാണ് ക്രൈസ്തവ വിഭാഗത്തിലുള്ള ഒരാൾ പ്രസിഡന്റാകുന്നതെന്ന പ്രത്യേകതയുമുണ്ട്. പാർട്ടിയിൽ നിന്നകന്ന ഈഴവ വിഭാഗത്തെ മടക്കിക്കൊണ്ടു വരുന്നതിനെക്കാൾ എളുപ്പത്തിൽ ക്രൈസ്തവ വിഭാഗത്തെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്തുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ അധികമാരും അറിയാത്ത സണ്ണി ജോസഫിന് കോൺഗ്രസ് പോലൊരു പാർട്ടിയെയും അസംതൃപ്തരെയും എങ്ങനെ മുന്നോട്ട് നയിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

വിട്ടു നിന്നവരിൽ ശശി തരൂരും

ബെന്നി ബഹനാനും

എ.ഐ.സി.സി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരും മുതിർന്ന നേതാവായ ബെന്നി ബഹനാനും അടക്കം പല പ്രമുഖരും സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് പുതിയ നേതൃത്വത്തോടുള്ള നീരസം കൊണ്ടാണെന്നാണ് കരുതുന്നത്. എം.പി മാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ തുടങ്ങിയവരുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. പങ്കെടുത്ത കെ.മുരളീധരനെയും കൊടിക്കുന്നിൽ സുരേഷിനെയും പോലെയുള്ളവർ നടത്തിയ പ്രസംഗത്തിൽ നേതൃത്വത്തിനെതിരായുള്ള ഒളിയമ്പുകളുണ്ടായിരുന്നു. പത്തുതവണ മത്സരിക്കുകയും 8 തവണ എം.പി ആകുകുയും ചെയ്ത കൊടിക്കുന്നിലിന്റെ പരിഭവം ഇന്ദിര ഭവനിലെ മുൻ കെ.പി.സി.സി പ്രസിഡന്റുമാരുടെ ചിത്രങ്ങൾക്കിടയിൽ ഒരു ദളിതന്റെ ചിത്രം ഇല്ലെന്നതായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ദളിതനെ പരിഗണിക്കണമെന്ന് പലപ്പോഴും പറയാറുള്ള അദ്ദേഹത്തിന്റെ മനസിനുള്ളിലെ മോഹം പറയാതെ പറയുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ വാക്കുകൾ പോലെ കോൺഗ്രസിൽ ഇനി 'സണ്ണി ഡെയ്സ്' ആയിരിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

TAGS: KPCC, SUNNY JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.