ഒരുകാലത്ത് തമിഴ്, മലയാളം സിനിമകളിൽ തിരക്കേറിയ നായികയായിരുന്ന കനകയെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. സിനിമയിൽ നിന്നൊക്കെ അകന്ന് ചെന്നൈയിലെ വീട്ടിൽ ഏകാന്തജീവിതം നയിക്കുകയാണ് നടിയിപ്പോൾ. സിനിമാ മേഖലയിൽനിന്ന് കാൽനൂറ്റാണ്ടിലേറെയായി അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളും ഉയർന്നിരുന്നു. ക്യാൻസർ ബാധിച്ച് കനക മരിച്ചെന്നായിരുന്നു മറ്റൊന്ന്. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വാർത്തകളിൽ നിറഞ്ഞിരുന്നു. അച്ഛൻ തന്നെ മനോരോഗിയാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് കനക രംഗത്തുവന്നതും വാർത്തയായിരുന്നു. ഇപ്പോഴിതാ കനകയെക്കുറിച്ച് അച്ഛൻ ദേവദാസ് ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
'നിയമപ്രകാരം ഞാനും കനകയുടെ അമ്മയും വേർപിരിഞ്ഞിട്ടില്ല. ഇന്നും അവൾ എന്റെ ഭാര്യ തന്നെയാണ്. സ്വത്തുക്കളിൽ എനിക്ക് അവകാശമുണ്ട്. മകൾക്ക് വിട്ടുകൊടുത്തതാണ്. അഭിനയിക്കാൻ തുടങ്ങുമ്പോൾ കനകയ്ക്ക് 17 വയസായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ അഭിനയിക്കരുതെന്ന് പറഞ്ഞ് ഞാൻ കേസുകൊടുത്തത് വാസ്‌തവം തന്നെയാണ്. അഭിനയത്തിന് പകരം പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഡോക്‌ടറാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. കനകയുടെ അമ്മയ്ക്ക് അഭിനയിപ്പിക്കാനായിരുന്നു താത്‌പര്യം. കേസ് വന്നപ്പോൾ അമ്മയുടെ പാത പിന്തുടരണമെന്ന് കനക കോടതിയിൽ പറഞ്ഞു. അതോടെ കേസിൽ ഞാൻ തോറ്റു.
വയസായി, കനകയുടെ മാർക്കറ്റ് പോയി എന്നാണ് പലരും പറയുന്നത്. ഒരു ഡോക്‌ടറായിരുന്നുവെങ്കിൽ ഇങ്ങനെ കതകടച്ച് വീട്ടിലിരിക്കേണ്ടി വരുമായിരുന്നോ? മകളെ നേരിട്ട് കണ്ടിട്ട് 12 വർഷത്തിലേറെയായി. മകളെ സ്വീകരിക്കാൻ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തത്. കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ല.
വീട്ടിൽ നിറയെ നായകളും പൂച്ചകളും ഒക്കെയാണ്. വൃത്തികേടായി കിടക്കുന്നുവെന്ന് ചുറ്റുമുള്ളവർ പറയുന്നു. അവൾ ആരെയും വിശ്വസിക്കുന്നില്ല. സ്വതന്ത്രമായി ജീവിക്കൂവെന്നും നാലാൾക്കാരോട് സംസാരിക്കൂവെന്നുമാണ് മകളോട് പറയാനുള്ളത്. കനകയെ സാധാരണ മനുഷ്യസ്ത്രീയാക്കി മാറ്റേണ്ടതുണ്ട്'-ദേവദാസ് പറഞ്ഞു.
സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ സിനിമയിൽ ആനപ്പാറ തറവാട്ടിലെ മാലു എന്ന കഥാപാത്രമായി എത്തി കനക മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയതായിരുന്നു നടി കനക. മമ്മൂട്ടി, മോഹൻലാൽ , മുകേഷ് തുടങ്ങി പ്രമുഖ നായകൻമാരുടെ നായികയായി തിളങ്ങി. മമ്മൂട്ടിയുടെ നായികയായി കനക തമിഴിലും മിന്നി. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻ മഴ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി കനക പ്രത്യക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |