ആമിർ ഖാന്റെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ താരേ സമീൻ പർ രണ്ടാം ഭാഗം സിത്താരേ സമീൻ പർ
ട്രെയിലർ എത്തി. സ്പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഒൗദ്യോഗിക റീമേക്ക് കൂടിയാണിത്. സ്പാനിഷ് ചിത്രത്തിന്റെ സീൻ ബൈ സീൻ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിർ ഖാൻ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നതെന്നും വിമർശനമുണ്ട്. ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗംപ് റീമേക്കായ ലാൽ സിംഗ് ഛദ്ദ പരാജയപ്പെട്ടിട്ടും ആമിർ ഖാനെ പോലെ ഒരു നടൻ എന്തിനാണ് വീണ്ടും റീമേക്കുകൾക്ക് പിന്നാലെ പോകുന്നതെന്ന് ആരാധകർ ചോദിക്കുന്നു.
ഡൗൻ സിൻഡ്രൊ ബാധിച്ച കൗമാരക്കാരെ ബാസ്കറ്റ് ബാൾ പഠിപ്പിച്ച് മത്സരത്തിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാദ്ധ്യാപകന്റെ വേഷമാണ് ആമിറിന്. താരേ സമീൻ പർ സിനിമയിൽ നായക വേഷത്തിനുപുറമേ ചിത്രം സംവിധാനം ചെയ്തതും ആമിർഖാനാണ്. എന്നാൽ സിത്താരേ സമീൻ പർ സംവിധാനം ചെയ്യുന്നത് പ്രസന്ന ആർ.എസ്. ആണ്. ആമിർഖാനൊപ്പം ജെനീലിയ ദേശ് മുഖും പ്രധാന വേഷത്തിൽ എത്തുന്നു.
തിരികെ സിനിമയിലൂടെ ശ്രദ്ധേയനായ ഗോപികൃഷ്ണനും ചിത്രത്തിലുണ്ട്. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന ആമിർ ഖാൻ ചിത്രം കൂടിയാണ്. ആമിർ ഖാൻ ടാക്കീസ് നിർമ്മിച്ച ചിത്രം ജൂൺ 20ന് ലോക വ്യാപകമായി റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |