തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്. ബെയ്ലിൻ ദാസിന് കോടതിയിൽ ഹാജരാകുന്നതിൽ ഇന്ന് മുതൽക്കാണ് ബാർ കൗൺസിൽ വിലക്കേർപ്പെടുത്തിയത്. അച്ചടക്ക നടപടി കഴിയുന്നത് വരെ.യാണ് വിലക്ക്. ബെയ്ലിൻ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. ബാർ കൗൺസിൽ ഭാരവാഹികൾ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ ചെയർമാൻ ടി.എസ്. അജിത്ത് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ ജില്ലാ കോടതിയിലെ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻ വീട്ടിൽ ജെ.വി.ശ്യാമിലിയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചത്. അകാരണമായി ജോലിയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചതിനായിരുന്നു മൃഗീയത. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്റ്റിക്കുകൊണ്ടുമുള്ള അടിയേറ്റ് അഭിഭാഷകയുടെ മുഖം കലങ്ങി. ചതഞ്ഞ് നീരുവന്ന് വീങ്ങി. വലതുകണ്ണിനും താടിയെല്ലിനും സാരമായി പരിക്കേറ്റു. കണ്ണിനുതാഴെ നേരിയ പൊട്ടലുണ്ടായി. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി.
അതേസമയം യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. അഭിഭാഷക ശ്യാമിലിയെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |