മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് രാവിലെ 10.30ന് ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. നാലു വർഷത്തേക്കുള്ള ദേശീയ നേതൃത്വത്തെ കൗൺസിൽ തിരഞ്ഞെടുക്കും. പ്രധാന സ്ഥാനങ്ങളിൽ നിലവിലെ ഭാരവാഹികൾ തുടർന്നേക്കുമെന്നാണ് വിവരം.
പ്രസിഡന്റ് തമിഴ്‌നാട്ടിൽ നിന്നുള്ള പ്രൊഫ. കെ.എം. ഖാദർ മൊയ്തീനും ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും തുടരും. ട്രഷറർ പി.വി.അബ്ദുൽ വഹാബിനും ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനും മാറ്റമുണ്ടായേക്കില്ല. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെയാവും. മറ്റു ഭാരവാഹികളിൽ കാര്യമായ മാറ്റമുണ്ടാവും. യുവാക്കളെ കൂടി ഉൾപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രവർത്തനം സജീവമാക്കും. മൂന്ന് ലോക്‌സഭാംഗങ്ങൾ അടക്കം അഞ്ച് എം.പിമാരെ പാർലമെന്റിലെത്തിച്ചത് നിലവിലെ കമ്മിറ്റിയുടെ മികവായാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാന മന്ദിരം യാഥാർത്ഥ്യമാക്കിയതും പൗരത്വ ബില്ല്, വഖഫ് ബില്ല് വിഷയങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞതും നേട്ടമായി അവതരിപ്പിക്കും. ദേശീയതലത്തിൽ യുവജന, വിദ്യാർത്ഥി, വനിത, തൊഴിലാളി പോഷക ഘടകങ്ങൾക്ക് വലിയ വളർച്ചയുണ്ടായതായും ലീഗ് വിലയിരുത്തുന്നുണ്ട്. ഫാസിസ്റ്റ് വാഴ്ചക്കെതിരായ പോരാട്ടത്തിൽ മുസ്‌ലിം -ന്യൂനപക്ഷ -ദളിത് -പിന്നാക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള രാഷ്ട്രീയ പ്രചാരണ പരിപാടികൾക്ക് കൗൺസിൽ രൂപമേകും.
ഇന്നലെ ചെന്നെയിൽ ചേർന്ന ദേശീയ സെക്രട്ടേറിയറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികൾക്ക് അംഗീകാരം നൽകി. യോഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പി.വി.അബ്ദുൽ വഹാബ് എംപി, അബ്ദുസമദ് സമദാനി എം.പി, അഡ്വ. പി.എം.എ.സലാം, കെ.പി.എ.മജീദ്, തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി അബൂബക്കർ, നവാസ് ഗനി എം.പി, സി.കെ.സുബൈർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |