തിരുവനന്തപുരം: പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡോ. ആർ.അജയകുമാറും ശ്രീവത്സൻ നമ്പൂതിരിയും അറിയിച്ചു. 1,11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, വൈഷ്ണവം ട്രസ്റ്റ് ചെയർമാൻ പ്രഭാവർമ്മ, ഡോ. ടി.പി.ശങ്കരൻകുട്ടി നായർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ജൂൺ ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
മലയാള മനസിന്റെ ലാളിത്യവും സൗന്ദര്യവും ഭാവാത്മകമാകുന്ന വിധത്തിൽ കവിതയിലേക്കും ഗാനത്തിലേക്കും ആവാഹിച്ച സർഗാത്മക വ്യക്തിത്വത്തിന് ഉടമയാണ് ശ്രീകുമാരൻ തമ്പിയെന്നും ആധുനിക കാലത്ത് മലയാളത്തിന് നഷ്ടമാകുന്ന ലിറിക്കൽ ലയമധുരിമ പരിരക്ഷിച്ച് നിറുത്തുന്നതിൽ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളതെന്നും ജൂറി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |