ചണ്ഡീഗഡ്: മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരങ്ങളായ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയും വിരാട് കൊഹ്‌ലിയും ഒരാഴ്‌ചത്തെ ഇടവേളയിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ നിന്നും താൻ വിരമിക്കാൻ തീരുമാനിച്ച വിവരം കൊഹ്‌ലി ബിസിസിഐയെ അറിയിച്ചപ്പോൾ ഇംഗ്ളണ്ട് പര്യടനത്തിൽ മുതിർന്ന താരങ്ങളില്ലാതാകുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി അത് ഒഴിവാക്കണം എന്ന് ബിസിസിഐ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് തള്ളിയാണ് മേയ് 12ന് കൊഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇരുവരുടെയും വിരമിക്കൽ തീരുമാനത്തെ കുറിച്ച് മുൻ ഇന്ത്യൻ താരങ്ങൾ വിവിധതരത്തിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരവും യുവരാജ് സിംഗിന്റെ പിതാവുമായ യോഗ്‌രാജ് സിംഗും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
കളിക്കളത്തിൽ ശാരീരികമായി ഫീൽഡ് ചെയ്യാൻ കഴിയില്ലെന്ന് തോന്നും വരെ മുതിർന്ന കളിക്കാർ വിരമിക്കരുത് എന്നാണ് യോഗ്‌രാജ് സിംഗിന്റെ അഭിപ്രായം. രോഹിത്തിനും കൊഹ്‌ലിക്കും ഇപ്പോഴും ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിരാടും രോഹിത്തും വിരമിച്ചത് ഇംഗ്ളണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കുക. തന്റെ മകൻ യുവരാജിനോട് പ്രധാന കളിക്കാർ ശാരീരികമായി കഴിയാതാകും വരെ വിരമിക്കരുതെന്ന് പറഞ്ഞിരുന്നതായും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് ചൂണ്ടിക്കാട്ടി.
'2011ൽ വലിയ കളിക്കാരിൽ പലരും വിരമിക്കുകയോ പുറത്താകുകയോ ചെയ്‌തപ്പോഴുള്ള തകർച്ചയുടെ നഷ്‌ടം ഇപ്പോഴും ഇന്ത്യൻ ടീമിന് മാറിയിട്ടില്ല. ഒരു യുവാക്കളുടെ മാത്രം ടീം ഉണ്ടാക്കിയാൽ അത് എപ്പോഴും തകരും. രോഹിത്തും വിരേന്ദർ സേവാഗും വളരെ നേരത്തെ വിരമിച്ചവരാണ് എന്നാണ് എന്റെ അഭിപ്രായം.മികച്ച കളിക്കാരെല്ലാം 50 വയസുവരെ കളിക്കണം. അവർ വിരമിച്ചതിൽ എനിക്ക് വളരെ വിഷമമുണ്ട്. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇപ്പോൾ ഇന്ത്യൻ ടീമിൽ ആരുമില്ല.' യോഗ്‌രാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |