മലപ്പുറം: മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായി ദേശീയ കമ്മിറ്റിയിൽ വനിതാ പ്രാതിനിദ്ധ്യം. കേരളത്തിൽ നിന്ന് ജയന്തി രാജനേയും തമിഴ്‌നാട്ടിൽ നിന്ന് ഫാത്തിമ മുസാഫറിനേയും ഉൾപ്പെടുത്തി പുതിയ ദേശീയ കമ്മിറ്റി നിലവിൽ വന്നു. ഇരുവരും അസിസ്റ്റന്റ് സെക്രട്ടറിമാരാണ്. ഇന്നലെ ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് സ്ത്രീകൾക്ക് ഭാരവാഹിത്വം നൽകാതിരുന്ന നടപടി തിരുത്തിയത്. നേരത്തേ, എം.എസ്.എഫ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികളിൽ വനിതകളെ ഉൾപ്പെടുത്തിയിരുന്നു.
പ്രൊഫ. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റായും പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. പി.വി. അബ്ദുൽ വഹാബാണ് ട്രഷറർ. പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഓർഗനൈസിംഗ് സെക്രട്ടറിയും അബ്ദുസമദ് സമദാനി എം.പി സീനിയർ വൈസ് പ്രസിഡന്റുമാണ്.
കെ.പി.എ. മജീദ് എം.എൽ.എ, മുൻ എം.പി എം.അബ്ദുറഹിമാൻ (തമിഴ്‌നാട്), സിറാജ് ഇബ്രാഹീം സേട്ട് , ദസ്തഗീർ ഇബ്രാഹിം ആഗ (കർണ്ണാടക), എസ്. നഈം അക്തർ (ബിഹാർ), കൗസർ ഹയാത്ത് ഖാൻ (യു.പി), കെ.സൈനുൽ ആബിദീൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.പാണക്കാട് മുനവ്വറലി തങ്ങൾ, അഡ്വ.ഹാരിസ് ബീരാൻ എം.പി, ടി.എ. അഹമ്മദ് കബീർ, സി.കെ. സുബൈർ(കേരളം), ഖുർറം അനീസ് ഉമർ(ഡൽഹി), നവാസ് കനി എം.പി, അബ്ദുൽ ബാസിത് (തമിഴ്‌നാട്) എന്നിവരാണ് സെക്രട്ടറിമാർ.ആസിഫ് അൻസാരി(ഡൽഹി), ഫൈസൽ ബാബു, എം.പി.മുഹമ്മദ് കോയ, ജയന്തി രാജൻ (കേരളം), ഡോ. നജ്മുൽ ഹസ്സൻ ഗനി (യു.പി), ഫാത്തിമ മുസഫർ (തമിഴ്‌നാട്), അഞ്ജനി കുമാർ സിൻഹ (ജാർഖണ്ഡ്) എന്നിവർ അസി. സെക്രട്ടറിമാരാണ്.
ലീഗിന്റെ ദളിത് മുഖം
ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റും വനിതാ ലീഗ് ദേശീയ സെക്രട്ടറിയുമായിരുന്നു വയനാട് ഇരുളം സ്വദേശിയായ ജയന്തി രാജൻ. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ജയന്തിയിലൂടെ ഒരേ സമയം സ്ത്രീ-ദളിത്- മുസ്‌ലിം ഇതര പ്രാതിനിധ്യം ഉറപ്പാക്കാൻ ലീഗിന് സാധിച്ചു. കേരളത്തിൽ നിന്നുള്ള മുസ്‌ലിം വനിതയെ ഭാരവാഹിയാക്കുമ്പോഴുള്ള സമസ്തയുടെ പ്രകോപനം മറികടക്കാനും ലീഗിനായി. വനിതാ ലീഗ് ദേശീയ പ്രസിഡന്റാണ് അസി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ മുസാഫർ. ചെന്നൈ കോർപ്പറേഷൻ കൗൺസിലറാണ്. നിയമ ബിരുദധാരിയായ ഫാത്തിമ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്, തമിഴ്‌നാട് വഖഫ് ബോർഡ് അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |