തിരുവനന്തപുരം: ഇന്ത്യാ-പാക് സംഘർഷത്തിനിടയിൽ തുടർച്ചയായി പ്രധാനമന്ത്രി മോദിയുടെ നടപടികളെ പ്രകീർത്തിക്കുകയും കോൺഗ്രസ് നിലപാടുകളിൽ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ശശി തരൂർ പാർട്ടിയിൽ ഒറ്റപ്പെടുന്നു.
1971 ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാടിനെ കോൺഗ്രസ് പ്രകീർത്തിക്കുമ്പോൾ, അന്നത്തെ സാഹചര്യത്തെ ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യാനാവില്ലെന്ന വേറിട്ട അഭിപ്രായം തരൂർ പ്രകടിപ്പിച്ചതാണ് ഒടുവിൽ വിവാദമായത്. തരൂർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും, പ്രവർത്തക സമിതി അംഗമെന്ന നിലയ്ക്ക് അദ്ദേഹം പറയേണ്ടിയിരുന്നത് കോൺഗ്രസ് നിലപാടായിരുന്നുവെന്നുമാണ് ഔദ്യോഗിക വ്യക്താവ് ജയറാം രമേശ് പ്രതികരിച്ചത്. തരൂരിന്റെ പരാമർശത്തിൽ ഡൽഹിയിൽ വലിയ പ്രതിഷേധവുമുയർന്നു. കേരളത്തിലെ നേതാക്കൾ പരസ്യമായി തരൂരിനെതിരെ രംഗത്തു വന്നില്ലെങ്കിലും പരാമർശങ്ങൾ തീർത്തും അനവസരത്തിലെന്ന നിലപാടാണുള്ളത്.
ഇതിനിടെ തരൂരിനെ പാർട്ടി താക്കീത് ചെയ്തതായും പ്രചരണമുണ്ടായി. കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ താക്കീത് ചെയ്തെന്ന വാർത്ത ഇന്നലെ തരൂർ നിഷേധിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് താക്കീത് വാർത്ത താൻ അറിഞ്ഞതെന്നും രേഖാമൂലമോ വാക്കാലോ ഒരു താക്കീതും പാർട്ടി നേതൃത്വം തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് തന്റെ പ്രസ്താവനകൾ മാത്രം വിവാദമാവുന്നു എന്നറിയില്ല. ഡൽഹിയിൽ നടന്നത് പോസിറ്റീവ് ചർച്ചയാണ്. താൻ സംസാരിക്കുന്നത് പാർട്ടി വ്യക്താവായല്ല, ഭാരതീയനായാണ്. തന്നോട് അഭിപ്രായം ചോദിച്ചപ്പോൾ അതിന് മറുപടി പറഞ്ഞു. ട്രംപ് പറഞ്ഞ ശരിയല്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധി തന്നെ വിളിച്ചിരുന്നതായും തരൂർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കെ.സുധാകരന്റെ അതൃപ്തിയിൽ മറുപടി പറയാനില്ല. പാർട്ടി നേതൃത്വം തീരുമാനമെടുത്തു, അതുമായി മുന്നോട്ടു പോകണമെന്നതാണ് നിലപാടെന്നും തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |