കാലിഫോർണിയ: 15കാരിയെ ബലാത്സംഗം ചെയ്ത് കുത്തി കൊലപ്പെടുത്തിയ കേസിൽ 43 വർഷങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടി നീതി നടപ്പാക്കി കോടതി. യുഎസിലെ കാലിഫോർണിയയിൽ 1982ൽ നടന്ന ബലാത്സംഗകേസിലാണ് കോടതിയുടെ ശിക്ഷാ വിധി. കാരെൻ സ്റ്റിറ്റിയെന്ന 15 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഗാരി റാമിറെസി എന്നയാൾക്ക് ജീവ പര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.
വർഷങ്ങൾക്ക് മുമ്പ് നടന്ന ക്രൂരകൃത്യത്തിൽ ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി ശിക്ഷ വിധിച്ചത്. 1982 സെപ്റ്റംബർ മാസത്തിലാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. കാരെൻ സ്റ്റിറ്റി തന്റെ കാമുകനെ കാണാൻ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. അർദ്ധരാത്രിയോടെ തിരിച്ചു വീട്ടിലേക്ക് മടങ്ങും വഴി ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്.
പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്ത് 59 തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബസ് സ്റ്റോപ്പിന് കുറച്ചകലെയായിട്ടാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ക്രൂര ലൈംഗിക പീഡനത്തിനിരയായിരുന്നു. കൊലപാതകിയുടെ രക്തവും ശരീരസ്രവങ്ങളും സ്റ്റിറ്റിന്റെ ശരീരത്തിൽ അവശേഷിച്ചിരുന്നു.
സംഭവത്തിൽ കാമുകനെ സംശയിച്ചിരുന്നുവെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തിൽ ഇയാളെ വിട്ടയച്ചു. പെൺകുട്ടിയെ അർദ്ധരാത്രി തനിച്ചാക്കി വിട്ടതിൽ വിഷമമുണ്ടെന്ന് സ്റ്റിറ്റിന്റെ കാമുകൻ പൊലീസിനോട് പറഞ്ഞിരുന്നു. കേസിന്റെ അന്വേഷണം 2022ൽ പുനരാംരഭിച്ചതോടെയാണ് സുപ്രധാന തെളിവ് ലഭിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ ശരീരസ്രവങ്ങളും രക്തത്തിന്റെ സാമ്പിളുകളും കണ്ടെത്തി. ഇതാണ് ഗാരി റാമിറസിനെ വെളിച്ചത്ത് കൊണ്ട് വരാൻ സാഹയിച്ചത്.
പിന്നീട് ക്രൈം ലാബ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. റാമിറസിന് ഇപ്പോൾ 78 വയസാണ് പ്രായം അന്വേഷണ ഉദ്യോഗസ്ഥരുടെ തുടർച്ചയായ പരിശ്രമമാണ് ഇത്രയും വർഷങ്ങൾ നീണ്ടു പോയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കോടതിയുടെ ശിക്ഷാ വിധി കേൾക്കാൻ സ്റ്റിറ്റിന്റെ സുഹൃത്തുക്കളും ബന്ധുക്കളും എത്തി ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |