പൂനെ: ഡെലിവറി ഏജന്റെന്ന പേരിൽ വീട്ടിലെത്തിയയാൾ ബോധരഹിതയാക്കി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതി വ്യാജമെന്ന് പൊലീസ്. പിന്നാലെ പരാതിക്കാരിയായ 22കാരിക്കെതിരെ പൊലീസ് കേസെടുത്തു. പൂനെയിലാണ് സംഭവം. ഐടി ഉദ്യോഗസ്ഥയായ യുവതിക്കെതിരെയാണ് പൂനെ സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡെലിവറി ഏജന്റ് ചമഞ്ഞ് വീട്ടിലെത്തിയയാൾ മുഖത്ത് രാസവസ്തു തളിച്ച് ബോധരഹിതയാക്കിയെന്നും ലൈംഗികമായി പീഡിപ്പിച്ചതിനുശേഷം ചിത്രങ്ങൾ പകർത്തിയെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. വിവരം പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. എന്നാൽ യുവതിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഡെലിവറി ഏജന്റ് എന്ന പേരിൽ യുവതിയുടെ വീട്ടിലെത്തിയ 27കാരൻ ഐടി ഉദ്യോഗസ്ഥനാണെന്നും ഇവർ ഒരുവർഷത്തിലേറെയായി സുഹൃത്തുക്കളാണെന്നുമാണ് പൊലീസ് പറയുന്നത്. 22കാരിയുടെ സമ്മതത്തോടെയാണ് യുവാവ് മുറിയിലേയ്ക്ക് കയറിയതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോൺ കോളുകൾ, ചാറ്റുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. എന്തിനാണ് യുവതി വ്യാജ പരാതി നൽകിയത് എന്നത് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |