അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് മലയാളത്തിന്റെ ചോക്ളേറ്റ് ബോയ് ആയി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. യുവാക്കളുടെ ഹരമായി മാറിയ ചോക്ളേറ്റ് നായകൻ ഇന്ന് വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള കുഞ്ചാക്കോയുടെ വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടുന്നത്.
'പാച്ചിക്കയുടെ (സംവിധായകൻ ഫാസിൽ) ഡ്രീം പ്രോജക്‌ട് ആയിരുന്നു അനിയത്തിപ്രാവ്. മലയാളം സിനിമയിൽ തരംഗം സൃഷ്ടിച്ച ബാലനടിയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തുന്നു. മികച്ചൊരു കഥയുമുണ്ട്. അതിലേയ്ക്ക് നായകനെ തിരയുകയായിരുന്നു. പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് എന്റെ പേര് നിർദേശിച്ചത്.
എന്നെ വിളിച്ചപ്പോൾ ഞാനില്ല എന്നുപറഞ്ഞു. പിന്നെ ഒരു താത്‌പര്യവുമില്ലാതെ ഓഡീഷന് പോയി. ഒട്ടും ടെൻഷനുണ്ടായിരുന്നില്ല. തള്ളിപ്പോവുകയാണെങ്കിൽ പോട്ടേ എന്ന് കരുതി. അഭിനയിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ ചെയ്തു. ഒരിക്കലും എന്നെ സെലക്‌ട് ചെയ്യില്ല എന്ന് ഉറപ്പിച്ചാണ് അവിടെനിന്ന് മടങ്ങിയത്.
പക്ഷേ പാച്ചിക്ക വിളിച്ചിട്ട് പറഞ്ഞു, നിന്നെയാണ് സെലക്‌ട് ചെയ്തത് എന്ന്. എന്നെവച്ച് അഭിനയിപ്പിച്ച് ആ സിനിമ മോശം ആക്കേണ്ടന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് ആ സിനിമയിൽ വലിയ വിശ്വാസം ഉണ്ടായിരുന്നു. എന്നെവച്ചുതന്നെ ആ സിനിമ ചെയ്തു. അത് ഹിറ്റായി, ഞാൻ നടനുമായി'- എന്നായിരുന്നു കുഞ്ചാക്കോയുടെ വാക്കുകൾ.
ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ ഹരിശ്രീ അശോകൻ, സുധീഷ്, ഇന്നസെന്റ്, ശ്രീവിദ്യ, കെപിഎസി ലളിത, ജനാർദ്ധനൻ, തിലകൻ, ശങ്കരാടി, ശാജിൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ചിത്രം നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |