കൊച്ചി: പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ അമ്മയുടെ സുഹൃത്ത് പീഡനത്തിനിരയാക്കിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആൺസുഹൃത്തും അമ്മയും ചേർന്ന് കുട്ടികൾക്ക് മദ്യം നൽകിയെന്നും അതിനുശേഷമാണ് പീഡിപ്പിച്ചതെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പ്രതിയായ ധനേഷ് കുട്ടികളെ പീഡനത്തിനിരയാക്കിയത്.
പെൺകുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ ധനേഷിന്റെ ടാക്സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെൺകുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലായി.
പെൺകുട്ടികളുടെ അച്ഛൻ മരിച്ചതിന് പിന്നാലെ ഇയാൾ ഇടയ്‌ക്കിടെ യുവതിയും മക്കളും താമസിച്ചിരുന്ന വാടക വീട്ടിൽ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടാനച്ഛൻ ആയിട്ടാണ് ഇയാളെ പെൺകുട്ടികൾ കണ്ടിരുന്നത്.
2023 മുതൽ പ്രതി പലപ്പോഴായി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. മൂത്ത പെൺകുട്ടി 'ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്' പറഞ്ഞ് സുഹൃത്തിന് കത്ത് നൽകി. ഇത് ക്ലാസ് ടീച്ചർ കണ്ടതോടെ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂത്ത പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്. കേസിൽ ക്ലാസ് ടീച്ചറുടെയും പെൺകുട്ടികളുടെയും മൊഴിയാണ് നിർണായകമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |