കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ അനൂസ് റോഷനെ (21)യാണ് ആയുധങ്ങളുമായി കാറിലും ബെെക്കിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അനൂസ്റോഷന്റെ വീട്ടിലെത്തിയ സംഘം കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്ന പിതാവ് അബ്ദുൽ റഷീദുമായി സംഘത്തിലെ രണ്ടുപേർ സംസാരിക്കുന്നതിനിടെ കെെ പിടിച്ച് വലിച്ച് കാറിൽ ബലമായി കയറ്റാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ അനൂസ് റോഷനെ കാറിൽ ബലമായി കൊണ്ടുപോവുകയായിരുന്നെന്ന് മാതാവ് ജമീല പറഞ്ഞു. സംസാരിച്ച രണ്ടു പേർ നേരത്തേ വീട്ടിൽ വന്നിട്ടുണ്ടെന്നും ഇവരുടെ പക്കൽ കത്തി പോലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും മാതാവ് പറഞ്ഞു. മലപ്പുറം രജിസ്ട്രഷനുള്ള കെ.എൽ 65 എൽ 8306 നമ്പർ കാറിലാണ് സംഘം എത്തിയതെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു. ഇവർ കടന്നുകളയുന്നതിന്റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ടുപോയെതെന്നാണ് പൊലീസ് നിഗമനം. സ്വർണക്കടത്തുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |