കോഴിക്കോട്: യുവതിയെയും കുഞ്ഞിനെയും ഓട്ടോഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 28കാരിയാണ് അതിക്രമത്തിനിരയായത്. സജീഷ് കുമാർ എന്ന ഓട്ടോഡ്രൈവറാണ് യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
വടകര പാർക്കോ ആശുപത്രിയിലേയ്ക്ക് സജീഷ് കുമാറിന്റെ ഓട്ടോയിൽ കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെ സജീഷ് മറ്റൊരു വഴിയിലൂടെ വണ്ടിയോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി കാര്യമന്വേഷിച്ചു. ഗതാഗതക്കുരുക്ക് മൂലം മറ്റൊരു വഴിയിലൂടെ പോവുകയാണെന്നും എളുപ്പത്തിൽ എത്താനാകുമെന്നും സജീഷ് പറഞ്ഞു. എന്നാൽ ഏറെദൂരം വഴിമാറി സഞ്ചരിച്ചതോടെ യുവതി ബഹളം വച്ചു. നാട്ടുകാർ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ സജീഷ് യുവതിയെയും കുഞ്ഞിനെയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടതിനുശേഷം കടന്നുകളഞ്ഞു.
പിന്നാലെ ഓട്ടോയുടെ നമ്പർ അടക്കം യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് അറസ്റ്റുചെയ്യാൻ കണ്ണൂരിലെ വീട്ടിലെത്തിയ പൊലീസിനെ സജീഷ് ആക്രമിച്ചതായും വിവരമുണ്ട്. ഇയാളെ പിടികൂടാൻ ശ്രമിച്ച എസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു. ഇയാൾ എസ്‌ഐയെ കടിക്കുകയും ചെയ്തു. ഒടുവിൽ ബലംപ്രയോഗിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനുള്ള കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |