ഒന്നാം പ്രതിയാക്കി വിജിലൻസ്
വകുപ്പുതല അന്വേഷണം തുടങ്ങി
ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ
കൊച്ചി: ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടർ ശേഖർകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് രജിസ്റ്റർ ചെയ്തത് രണ്ട് കോടി രൂപയുടെ കൈക്കൂലിക്കേസ്. വകുപ്പതല അന്വേഷണം തുടങ്ങി. കസ്റ്റഡിയിലെടുത്ത് ഉടൻ ചോദ്യംചെയ്യും. ഇ.ഡിയുടെ മറ്റു കേസുകളുടെ വിശ്വാസ്യതയും ഇതോടെ സംശയ നിഴലിലായി.
ഇടനിലക്കാരനായ എറണാകുളം തമ്മനം വട്ടത്തുണ്ടിയിൽ വിൽസൺ വർഗീസ് (36) രണ്ടു ലക്ഷം കോഴ വാങ്ങവേ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പിന്നാലെ, രാജസ്ഥാൻ സ്വദേശിയായ മുകേഷ് കുമാർ ജെയിനും (55) കുടുങ്ങി. കോഴ ശേഖർകുമാറിന് വേണ്ടിയാണെന്ന് ഇവരാണ് വെളിപ്പെടുത്തിയത്.
കൊട്ടരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി നേരത്തേ ഇയാളെ ചോദ്യംചെയ്തിരുന്നു. കേസിൽ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. പിന്നാലെ, കേസ് ഒഴിവാക്കാമെന്ന വാഗ്ദാനവുമായി ഇടനിലക്കാരൻ വിൽസൺ വർഗീസ് സമീപിച്ചു. വിൽസൺ പറഞ്ഞതുപോലെ അടുത്ത സമൻസ് വന്നതോടെ അനീഷ് ബാബു വിജിലൻസിനെ അറിയിക്കുകയായിരുന്നു.
കേസിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ കൊച്ചി വാരിയം റോഡ് സ്വദേശി രഞ്ജിത്ത് വാര്യരും അറസ്റ്റിലായി. ഇയാളുടെ നിർദേശ പ്രകാരമാണ് ഇടനിലക്കാർ പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന. വിൽസണും ശേഖർകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കും. വിൽസൺ വർഗീസ് രണ്ടാം പ്രതിയും മുകേഷ് കുമാർ മൂന്നാം പ്രതിയും രഞ്ജിത്ത് വാര്യർ നാലാം പ്രതിയുമാണ്. ഇവരെ കോടതി വിജിലൻസ് കസ്റ്റഡിയിൽ വിട്ടു.
കോഴ മുംബയ് അക്കൗണ്ടിലിടണം
ഈ മാസം ആറിനാണ് പ്രതിചേർക്കാതിരിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് വിൽസൺ സമീപിച്ചത്. തുടർന്ന് രണ്ടുതവണ കലൂർ സ്റ്റേഡിയത്തിന് സമീപവും എറണാകുളം പി.ടി ഉഷ റോഡിലും കാറിലിരുന്ന് ഇക്കാര്യം ചർച്ച ചെയ്തു. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു നിർദ്ദേശം. രണ്ടു ലക്ഷം രൂപ പണമായും ആവശ്യപ്പെട്ടു. പണം നിക്ഷേപിക്കേണ്ട സ്വകാര്യ ബാങ്ക് അക്കൗണ്ടും കൈമാറി. മുംബയിലെ ഒരു വ്യവസായിയുടെ പേരിലുള്ളതാണ് അക്കൗണ്ട്.
'സാർ, ഇടനിലക്കാരൻ മാത്രം'
പനമ്പിള്ളി നഗറിൽ ബി.എം.ഡബ്ല്യു കാറിൽവച്ച് പണം കൈമാറുമ്പോഴാണ് വിൽസൺ പിടിയിലായത്. കുടുങ്ങിയതോടെ, പണം തനിക്കല്ലെന്നും ഇടനിലക്കാരൻ മാത്രമാണെന്നുമായി വിത്സൺ. ഈ മൊഴിയാണ് ഇ.ഡി ഉദ്യോഗസ്ഥനിലേക്ക് വിജിലൻസിനെ എത്തിച്ചത്. പിന്നീടാണ് മുകേഷ്‌കുമാർ ജെയിനെ പിടികൂടിയത്. ഇയാൾ ഹവാല ഇടപാടുകാരനാണ്. രഞ്ജിത്ത് വാര്യരാണ് പരാതിക്കാരന്റെ മേൽവിലാസം വിൽസണിനും മുകേഷ് കുമാറിനും കൈമാറിയതെന്നാണ് വിവരം. മൂന്ന് തട്ടുകളിലായാണ് കൈക്കൂലി സംഘം പ്രവർത്തിച്ചിരുന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |