
എഡ്‌മൺടൺ: നെഞ്ച് വേദനവന്ന് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരുന്നിട്ടും മതിയായ ചികിത്സ കിട്ടാതെവന്ന ഇന്ത്യക്കാരനായ യുവാവ് ഒടുവിൽ മരിച്ചു. കാനഡയിലെ എഡ്‌മൺടണിലാണ് സംഭവം. പ്രശാന്ത് ശ്രീകുമാർ (44) ആണ് ഹൃദയസ്‌തംഭനം വന്ന് മരിച്ചത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം പ്രശാന്തിന്റെ ഭാര്യ നിഹാരിക ശ്രീകുമാർ ഭർത്താവിന്റെ മൃതദേഹത്തിന് സമീപം നിന്ന് ആശുപത്രി അധികൃതരിൽ നിന്നുമുണ്ടായ ദുരനുഭവം വ്യക്തമാക്കിയ വീഡിയോ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. എഡ്‌മൺടണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്‌പിറ്റലിലാണ് സംഭവമുണ്ടായത്.
'ഡിസംബർ 22 തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ പ്രശാന്ത് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ചു. 12.20ന് ആശുപത്രിയിലേക്ക് എത്തിച്ചു. 12.20 മുതൽ രാത്രി 8.50 വരെ ആശുപത്രിയിൽ നെഞ്ച് വേദനിക്കുന്നതായി പരാതിപ്പെട്ട് പ്രശാന്ത് ഇരുന്നു. അദ്ദേഹത്തിന്റെ ബിപി നിരന്തരം കൂടിവരികയായിരുന്നു. അവസാനം റെക്കോഡ് ചെയ്‌ത രക്തസമ്മർദ്ദ നിരക്ക് 210 ആയിരുന്നു,' നിഹാരിക വീഡിയോയിൽ പറയുന്നു.
'ചികിത്സയ്‌ക്കായി കാത്തിരുന്ന സമയമത്രയും വേദനയകറ്റാനുള്ള ടൈലെനോൾ മാത്രമാണ് നൽകിയതെന്ന് നിഹാരിക ആരോപിക്കുന്നു. നെഞ്ചുവേദന ഒരു ഗുരുതര പ്രശ്‌നമായി കണക്കാക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഹൃദയസ്‌തംഭനം അവർ സംശയിച്ചതേയില്ല.' നിഹാരിക പറഞ്ഞു.
എട്ട് മണിക്കൂറോളം കാത്തിരുന്നശേഷം അദ്ദേഹത്തെ എമർജൻസി റൂമിലേക്ക് കയറ്റിയെന്നും എന്നാൽ അവിടെവച്ച് ഉടൻ കുഴഞ്ഞുവീണെന്നും നിഹാരിക പറഞ്ഞു. നഴ്‌സ് വന്ന് നോക്കി നാടിമിടിപ്പ് കിട്ടുന്നില്ല എന്നറിയിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും പ്രശാന്ത് മരിച്ചു. പ്രശാന്തിനെ ചികിത്സിയ്‌ക്കുന്നില്ല എന്ന് പരാതിപറഞ്ഞപ്പോൾ മോശമായാണ് തങ്ങളോട് നിങ്ങൾ പെരുമാറുന്നതെന്ന് ആശുപത്രി അധികൃതർ പരാതിപ്പെട്ടെന്നും നിഹാരിക ആരോപിച്ചു.
വലിയ വേദനയുണ്ടെന്ന് മകൻ ആശുപത്രി അധികൃതരോട് പറഞ്ഞതായി പ്രശാന്തിന്റെ അച്ഛൻ കുമാർ ശ്രീകുമാർ വ്യക്തമാക്കുന്നു. ഇസിജി പരിശോധിച്ചെന്നും പ്രശ്‌നമൊന്നും കണ്ടില്ലെന്നും പറഞ്ഞ് അവരെ വീണ്ടും കാത്തിരിക്കാൻ നിർദ്ദേശിച്ചു. 'പപ്പാ, എനിക്ക് വേദന സഹിക്കാൻ വയ്യ' എന്ന് മകൻ പറഞ്ഞതായി കുമാർ ശ്രീകുമാർ പറഞ്ഞു. പ്രശാന്ത് മലയാളിയാണോ എന്ന കാര്യം സംശയിക്കുന്നുണ്ട്. വിവരം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രശാന്തിന്റെ മരണത്തിൽ ആശുപത്രി അധികൃതർ അനുശോചിച്ചു. 'മരണമടഞ്ഞയാളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടായ നഷ്‌ടത്തിൽ ഞങ്ങൾ അനുശോചിക്കുന്നു. രോഗികൾക്കും പരിചാരകർക്കുമുള്ള സുരക്ഷയും കരുതലുമാണ് ഞങ്ങൾക്ക് പരമപ്രധാനം.' ആശുപത്രി പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |