കൊച്ചി: നെടുമ്പാശേരിയിൽ ഐവിൻ ജിജോയെ (24) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു സിഐഎസ്എഫ് ഇൻസ്‌പെക്ടറെ കൂടി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പ്രതികൾ മദ്യപിച്ചത് ഈ ഉദ്യോഗസ്ഥന്റെ വീട്ടിൽ വച്ചായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവശേഷം രണ്ടാം പ്രതിയെ ഡ്യൂട്ടിയിൽ കയറാൻ സഹായിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഉദ്യോഗസ്ഥന് നെടുമ്പാശേരി പൊലീസ് നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം, കേസിലെ പ്രതികളായ വിനയകുമാർ ദാസ്, മോഹൻ എന്നിവരെ സർവീസിൽ നിന്ന് പിരിച്ചുവിടാനുളള നീക്കത്തിലാണ് സിഐഎസ്എഫ്. പൊലീസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സിഐഎസ്എഫ് ഡിജിക്ക് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഈ ആഴ്ചയുണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം നായത്തോട് വച്ചായിരുന്നു സംഭവം. പ്രതികൾ മദ്യലഹരിയിലായിരുന്നു. സിഐഎസ്എഫുകാരുടെ കാറിനെ ഐവിൻ മറികടക്കുന്നതിനിടെ കാറുകൾ ഉരസി. തുടർന്ന് അസഭ്യം പറഞ്ഞശേഷം വിനയകുമാർ ദാസ് കാർ റിവേഴ്സ് എടുത്ത് തിരിച്ചുപോകാൻ ശ്രമിക്കവേ ഐവിൻ മുന്നിൽ കയറി നിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു.
പൊലീസിനെ വിളിക്കുമെന്നും പൊലീസ് വന്നിട്ടു പോയാൽ മതിയെന്നും ഐവിൻ പറഞ്ഞു. ഇതിനിടെയാണ് കാർ വേഗതയിൽ മുന്നോട്ടെടുത്ത് ഐവിനെ ഇടിച്ചതും മുന്നോട്ടു പാഞ്ഞതും. ഒന്നര കിലോമീറ്റർ അകലെ കപ്പേള റോഡിലെ സെന്റ് ജോൺസ് ചാപ്പലിന് സമീപം വരെ ബോണറ്റിൽ കുടുങ്ങിയ യുവാവുമായി കാർ പാഞ്ഞു. ഐവിൻ കേണപേക്ഷിച്ചിട്ടും പ്രതികൾ വാഹനം നിർത്തിയില്ല. ചാപ്പലിന് സമീപമെത്തിയപ്പോൾ കാർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. റോഡിൽ വീണിട്ടും 15 മീറ്ററോളം ഐവിനെ ചക്രത്തിനടിയിലൂടെ നിരക്കിയ ശേഷമാണ് നിറുത്തിയത്. ദേഹമാകെ പരിക്കേറ്റ ഐവിൻ തൽക്ഷണം മരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |