മോഹൻലാലും സംവിധായകൻ ജിതിൻ ലാലും ഒരുമിക്കാൻ പോകുന്നതായി സൂചന. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം പൂർത്തിയാക്കുന്ന മോഹൻലാലിനെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 3 ആണ്. ഇൗ ചിത്രത്തിനുശേഷം യുവ സംവിധായകരിൽ ശ്രദ്ധേയനായ ജിതിൻ ലാലുവുമായി മോഹൻലാൽ കൈകോർക്കാനാണ് ഒരുങ്ങുന്നത്.
ജിതിൻ ലാലിന്റെ ആദ്യ സംവിധാന സംരംഭമായ അജയന്റെ രണ്ടാം മോഷണത്തിന് രചന നിർവഹിച്ച സുജിത് നമ്പ്യാർ ആണ് പുതിയ ചിത്രത്തിന് തിരക്കഥ നിർവഹിക്കുന്നത്. മോഹൻലാലുമായി സിനിമ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സൂചന നൽകുന്ന കുറിപ്പും ചിത്രങ്ങളും ജിതിൻ ലാൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
ചില പേരുകൾ തിരഞ്ഞെടുക്കപ്പെട്ടവയാണ്. എന്റേത് ഞാൻ ഇഷ്ടപ്പെടുന്ന താരത്തിനുള്ള നിശബ്ദമായ വാഗ്ദാനമായിരുന്നു. ലാൽ വെറുമൊരു പേര് മാത്രമല്ല, ഒരു ദിശകൂടിയാണ്. ജിതിൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും മോഹൻലാൽ- ജിതിൻ ലാൽ ചിത്രം നിർമ്മിക്കുക.അതേസമയം യുവസംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടി മുന്നേറുന്നു . വീണ്ടും യുവസംവിധായകന്റെ സിനിമയിലേക്ക് മോഹൻലാൽ എത്തുകയാണ്. ക്രിഷാന്തിന്റെ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്.
മണിയൻപിള്ള രാജു ആണ് നിർമ്മാണം. അതേസമയം കൊച്ചിയിൽ ഹൃദയപൂർവത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മാളവിക മോഹനൻ ആണ് നായിക. ലാലു അലക്സ്, സംഗീത, സംഗീത് പ്രതാപ്, സ്രിന്ധ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കഥ അഖിൽ സത്യൻ, തിരക്കഥ സംഭാഷണം സോനു ടി.പി, അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |